ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്.

ടുത്ത കാലത്ത് ബോളിവുഡിൽ മുഴങ്ങി കേട്ട വിവാഹമായിരുന്നു ആലിയ ഭട്ടിന്റെയും റൺബീർ കപൂറിന്റെയും(Alia Bhatt-Ranbir Kapoor Wedding). ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നത് മുതൽ കാത്തിരിക്കുകയാണ് ആരാധകരും. കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ചു കൊണ്ട് ഇന്ന് ആലിയ - രൺബീർ വിവാഹം നടക്കുകയാണ്. രൺബീറിന്റെ വസതിയിൽ വച്ചാണ് താരവിവാഹം. ഇരുവരും ഒന്നിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വൻ സുരക്ഷയാണ് വസതിക്ക് മുന്നിൽ ഒരുക്കിയിരിക്കുന്നത്. 

ഏതാനും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹ ചടങ്ങിൽ നിന്നും ഒരു ചിത്രം പോലും പുറത്താകരുതെന്ന ഉദ്ദേശത്തോടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നവരുടെ ഫോണുകളിലെ ക്യാമറയില്‍ സ്റ്റിക്കറൊട്ടിക്കുകയാണ് സുരക്ഷാ ജീവനക്കാർ. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് നേരത്തെ വന്ന വിവരം. എന്നാൽ അമ്പത് പേരാകും ചടങ്ങിനുണ്ടാകുക എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

View post on Instagram

രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005-ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയുടെ ഓഡിഷന്‍ സമയത്തായിരുന്നു. രണ്‍ബീര്‍ ചിത്രത്തിന്റെ സംവിധാകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആലിയയും സിനിമയില്‍ അരങ്ങേറി. രണ്ടു പേരും സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു. 

2017-ല്‍ രണ്‍ബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിച്ചിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കാന്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു.

''ഞാനെന്നേ രൺബീറുമായി വിവാഹം കഴിച്ച് ജീവിക്കുകയാണ്, എന്‍റെ മനസ്സിൽ'', എന്ന് തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഗംഗുഭായ് കത്തിയവാഡിയുടെ പ്രൊമോഷനിടെ ആലിയ പറഞ്ഞത് മാധ്യമങ്ങൾ ഏറെ ആഘോഷിച്ചിരുന്നു. ദീപികയുടെയും രൺവീറിന്‍റെയും സോനത്തിന്‍റെയും വിരുഷ്കയുടെയും കത്രീന - വിക്കിയുടെയും വിവാഹശേഷം മറ്റൊരു താരവിവാഹത്തിന് കൂടി ബോളിവുഡ് വേദിയാകുന്നു.