ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുള്ള ഏതെങ്കിലും പ്രാദേശിയ സംവിധായകരോ അഭിനേതാക്കളോ ഉണ്ടോ എന്നായിരുന്നു ചോദ്യം
കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‍ഫോമുകളിലൂടെ മലയാള സിനിമ നേടിയ ഒരു വളര്‍ച്ചയുണ്ട്. മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത നിരവധി മറുഭാഷാ പ്രേക്ഷകരിലേക്ക് നമ്മുടെ സിനിമ അതിലൂടെ എത്തി. ഇന്ന് ഒടിടിയില്‍ മലയാള സിനിമയ്ക്ക് മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഫോളോവേഴ്സ് ഉണ്ട്. അതില്‍ സാധാരണ പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും ഒക്കെയുണ്ട്. മലയാളി താരങ്ങള്‍ക്ക് മറുഭാഷാ സിനിമകളില്‍ കൂടുതല്‍ അവസരം ലഭിക്കാനും ഇത് ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ളത് ആരാണെന്ന ചോദ്യത്തിന് ഒരു മലയാളി താരത്തിന്‍റെ പേര് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം അലിയ ഭട്ട്. ഫഹദ് ഫാസിലിന്‍റെ പേരാണ് അലിയ പറഞ്ഞത്. കാന്‍സ് ഫിലിം ഫെസ്റ്റിവലിനെത്തിയ അലിയ ബ്രൂട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് പറഞ്ഞത്.
ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുള്ള ഏതെങ്കിലും പ്രാദേശിയ സംവിധായകരോ അഭിനേതാക്കളോ ഉണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് അല്‍പം വിശദമായാണ് അലിയയുടെ മറുപടി. അങ്ങനെ (പ്രാദേശികമെന്ന്) വേര്‍തിരിച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൊവിഡ് കാലം എന്നെ പഠിപ്പിച്ചത് ഞങ്ങളെല്ലാം ഒന്നാണ് എന്നതാണ്. അന്തര്‍ദേശീയമായ ഒരു പ്ലാറ്റ്‍ഫോമിലേക്ക് (ഒടിടി) എല്ലാ തരത്തിലുള്ള ഉള്ളടക്കത്തിനും പ്രകാശനം ലഭിക്കുന്നു എന്നത് ഇന്നിന്‍റെ വലിയ നേട്ടമാണ്. ഉള്ളടക്കം കൊറിയനോ ജാപ്പനീസോ മലയാളമോ പഞ്ചാബിയോ കന്നഡയോ ആവട്ടെ, ഇന്ന് അവ എല്ലാവര്‍ക്കും കാണാന്‍ അവസരം ലഭിക്കുന്നു. ഓസ്‍കര്‍ ലഭിച്ച ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു അനിമേറ്റഡ് പ്രൊഡക്ഷന്‍ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. അതിനുള്ള അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷം തോന്നി, അലിയ പറഞ്ഞു.
നിങ്ങളുടെ ചോദ്യത്തിലേക്ക് തിരിച്ചുവന്നാല്‍ കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്. ഡാര്‍ലിംഗ്സ് എന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. അതിഗംഭീര നടനാണ് അദ്ദേഹം. ആവേശം എന്‍റെ പ്രിയ സിനിമകളില്‍ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, അലിയ ഭട്ട് പറഞ്ഞവസാനിപ്പിക്കുന്നു. മറുഭാഷാ സിനിമാപ്രേമികളിലും ആരാധകരെ സൃഷ്ടിച്ച ചിത്രമാണ് ഫഹദ് നായകനായ ആവേശം. തെലുങ്ക്, തമിഴ് പ്രേക്ഷകര്‍ തിയറ്ററിലും ചിത്രം കണ്ടിരുന്നു.


