തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ കൊവിഡ് പോസിറ്റീവ്. അല്ലു തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ വിവരം അറിയിച്ചത്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് ഹോം ക്വാറന്‍റൈനില്‍ ആണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അല്ലു അഭ്യര്‍ഥിക്കുന്നു.

കൊവിഡ് രണ്ടാംതരംഗം ഭീഷണി ഉയര്‍ത്തുന്ന സമയത്ത് ആരാധകരോട് വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും വാക്സിന്‍ എടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താനും അല്ലു അഭ്യര്‍ഥിക്കുന്നു. തന്‍റെ കൊവിഡ് ബാധയില്‍ പേടിക്കാന്‍ ഒന്നുമില്ലെന്നും ഇപ്പോള്‍ നന്നായിരിക്കുകയാണെന്നും അല്ലു അര്‍ജുന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യാണ് അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഇത്. ഈ മാസം ഏഴിന് പുറത്തെത്തിയ ചിത്രത്തിലെ അല്ലു അര്‍ജുന്‍റെ ക്യാരക്റ്റര്‍ ഇന്‍ട്രൊഡക്ഷന്‍ ടീസറിന് യുട്യൂബില്‍ വന്‍ പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. 5.4 കോടി കാഴ്ചകളാണ് ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.