കഴിഞ്ഞ ഒക്ടോബര്‍ 29ന് ആയിരുന്നു പുനീതിന്‍റെ വിയോഗം

അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്‍കുമാറിന്‍റെ (Puneeth Rajkumar) കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് തെലുങ്ക് താരം അല്ലു അര്‍ജുന്‍ (Allu Arjun). ബംഗളൂരുവിലെ വീട്ടിലെത്തിയാണ് അല്ലു പുനീതിന്‍റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. പുനീതിന്‍റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്‍പാര്‍ച്ചന നടത്തുന്ന തന്‍റെ ചിത്രം അല്ലു അര്‍ജുന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. "പുനീത് ഗാരുവിന് എന്‍റെ വിനീതമായ ആദരം. രാജ്‍കുമാര്‍ ഗാരുവിന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ആരാധകര്‍ക്കും എന്‍റെ ബഹുമാനം", ചിത്രങ്ങള്‍ക്കൊപ്പം അല്ലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നായിരുന്നു ആരാധകര്‍ അപ്പുവെന്ന് വിളിച്ച പുനീത് രാജ്‍കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്‍റെ അന്ത്യം. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയ്ക്കു പുറത്ത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങിയ പുനീത് ഒരു സിനിമാതാരം എന്നതിലുപരി ജനമനസ്സില്‍ ഇടംപിടിച്ച ആളായിരുന്നു. പുനീതിന്‍റെ ആഗ്രഹം പോലെ മരണശേഷം അദ്ദേഹത്തിന്‍റെ കണ്ണുകളും ദാനം ചെയ്യപ്പെട്ടു.

View post on Instagram

അതേസമയം 'പുഷ്‍പ' നേടിയ വന്‍ വിജയത്തിന്‍റെ തിളക്കത്തിലാണ് അല്ലു അര്‍ജുന്‍. ഇന്ത്യയില്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയ ചിത്രത്തിന്‍റെ വിവിധ ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകശ്രദ്ധ നേടി. എടുത്തുപറയേണ്ടത് ഹിന്ദി പതിപ്പ് നേടിയ വിജയമായിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി നേടിയിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ചെയ്യപ്പെട്ടതിനു ശേഷം ഉത്തരേന്ത്യയിലെ നിരവധി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്.