അത്തരം ഒരു ചിത്രം വരട്ടെയെന്ന് ആരാധകര്‍
സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ദിവസങ്ങളിലെ ഒരേയൊരു സംസാരവിഷയം തമിഴ് ചിത്രം ജയിലര്‍ ആണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തിയറ്ററുകളില്‍ അത്രത്തോളം ആഘോഷിക്കപ്പെടുകയാണ്. കേരളത്തിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന്. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ വില്ലന്‍ വേഷവും ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷനെ സ്വാധീനിച്ച ഘടകങ്ങളാണ്. ചെറിയ സ്ക്രീന്‍ ടൈമേ ഉള്ളൂവെങ്കിലും മോഹന്‍ലാലിന്‍റെ മാത്യു എന്ന കഥാപാത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
ജയിലറിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ സ്റ്റില്ലിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ അല്‍ഫോന്‍സ് കുറിച്ച വാക്കുകളാണ് ചര്‍ച്ചയ്ക്ക് ആധാരം. 'ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ', എന്നാണ് അല്‍ഫോന്‍സിന്‍റെ വാക്കുകള്‍. മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. പുതിയ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അങ്ങനെ ഒരു ചിത്രം സംഭവിക്കട്ടെയെന്നും സമയമെടുത്ത് ചെയ്താല്‍ മതിയെന്നും ജയിലര്‍ നെല്‍സണ് നല്‍കിയതുപോലെ ഒരു തിരിച്ചുവരവ് ഇത്തരമൊരു ചിത്രം വന്നാല്‍ അല്‍ഫോന്‍സിന് ഉണ്ടാവുമെന്നുമൊക്കെ പോസ്റ്റിന് കമന്‍റുകള്‍ നിറയുകയാണ്.
പ്രേമം എന്ന എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നിന്‍റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷാവസാനം പുറത്തെത്തിയ ഗോള്‍ഡ്. എന്നാല്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ല ചിത്രത്തിന്. ബോക്സ് ഓഫീസിലും ഗോള്‍ഡ് ചലനമൊന്നും സൃഷ്ടിക്കാതെ പോയി. പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്‍റെ ഭാഗത്തുനിന്ന് വലിയ പരിഹാസവും നേരിടേണ്ടിവന്നിരുന്നു ഗോള്‍ഡിന് ശേഷം അല്‍ഫോന്‍സിന്. ഇതേത്തുടര്‍ന്ന്, സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുള്ള അല്‍ഫോന്‍സ് പുത്രന്‍ അതില്‍ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. അതേസമയം അദ്ദേഹത്തിന്‍റെ പുതിയ ചിത്രം തമിഴിലാണ്. ഗിഫ്റ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
