"ഒരു കേസും ആ സിനിമയുടെ പേരില്‍ വന്നു. രാഷ്ട്രീയപരമായിരുന്നു അത്"

മലയാളി സിനിമാപ്രേമികളുടെ മനസില്‍ കാലമെത്ര കഴിഞ്ഞാലും മായാതെ നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഉണ്ട്. അവയിലൊന്നായിരുന്നു ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം. കൃപ ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് പണിക്കരും എന്‍ കൃഷ്ണകുമാറും (കിരീടം ഉണ്ണി) ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 1989 റിലീസ് ആയിരുന്നു. നിര്‍മ്മാതാവ് എന്ന നിലയില്‍ ആകെ ഒന്‍പത് സിനിമകള്‍ക്ക് ദിനേശ് പണം മുടക്കിയിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെ ഏറ്റവും ലാഭവും ഏറ്റവും നഷ്ടവുമുണ്ടാക്കിയ ചിത്രങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദേഹം. കിരീടമാണ് തനിക്ക് ഏറ്റവും ലാഭം നേടിത്തന്ന ചിത്രമെന്ന് പറയുന്നു അദ്ദേഹം. നഷ്ടമുണ്ടാക്കിയ ചിത്രം ഏതെന്നും അദ്ദേഹം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കരുടെ പ്രതികരണം.

ഏറ്റവും ലാഭം നേടിത്തന്നെ ചിത്രം ഏതെന്ന ചോദ്യത്തിന് ദിനേശ് പണിക്കരുടെ മറുപടി ഇങ്ങനെ- "നിര്‍മ്മാതാവ് എന്ന നിലയില്‍ ഏറ്റവും ലാഭം നേടിത്തന്ന സിനിമ കിരീടമാണ്. കളക്ഷന്‍ കൂടാതെ അഞ്ച് ലക്ഷം രൂപ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് സ്റ്റോറി റൈറ്റ്സ് വിറ്റ വകയിലും കിട്ടി". 

ഏറ്റവും നഷ്ടമുണ്ടാക്കിയത് സ്റ്റാലിന്‍ ശിവദാസ് ആണെന്നും അദ്ദേഹം പറയുന്നു- "ഏറ്റവും നഷ്ടം സ്റ്റാലിന്‍ ശിവദാസ് ആയിരുന്നു. പടത്തിന് കളക്ഷന്‍ വന്നില്ല. അന്നത്തെ കാലത്ത് സാറ്റലൈറ്റ് റൈറ്റ് ഒക്കെ വളരെ തുച്ഛമായ തുകയേ ഉള്ളൂ. 1999 ലെ കാര്യമാണ് ഞാന്‍ പറയുന്നത്. അക്കാലത്ത് എ, ബി, സി എന്നീ വിഭാഗങ്ങളിലാണ് തിയറ്ററുകള്‍. ഇതില്‍ എ ക്ലാസില്‍ തന്നെ പടം പരാജയപ്പെട്ടാല്‍ ബി, സി ക്ലാസുകളിലെ കളക്ഷനെയും ബാധിക്കും. 50- 60 ലക്ഷം രൂപ ആ സിനിമയിലൂടെ എനിക്ക് നഷ്ടമായി. ഒരു കേസും ആ സിനിമയുടെ പേരില്‍ വന്നു. രാഷ്ട്രീയപരമായിരുന്നു അത്. ഇടത് സര്‍ക്കാരിനെയായിരുന്നു സിനിമ പിന്തുണച്ചത്. ഒരു സെന്‍സര്‍ ബോര്‍ഡ് അംഗം കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. അദ്ദേഹത്തിന് ചില സീനുകളില്‍ എതിര്‍പ്പ് തോന്നി. കാരണം കോണ്‍ഗ്രസുകാരെ കുത്തുന്ന രീതിയിലുള്ള കാര്യമായിരുന്നു. ആ കേസ് നടത്താനായിട്ടും എനിക്ക് കുറേ പണച്ചെലവ് വന്നു. എല്ലാം കൂടി നോക്കുമ്പോള്‍ എനിക്ക് ഭീകരമായിട്ടുള്ള നഷ്ടം വന്നത് സ്റ്റാലിന്‍ ശിവദാസ് ആണ്", ദിനേശ് പണിക്കര്‍ പറയുന്നു.

ALSO READ : 'എനിക്കറിയാവുന്ന ഒരേയൊരു പാന്‍ ഇന്ത്യന്‍ നടന്‍ ഇയാളാണ്'; ദുല്‍ഖറിനെ അരികില്‍‌ നിര്‍ത്തി പ്രശംസയുമായി നാനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം