2010 ല്‍ തിയറ്ററുകളിലെത്തിയ ചിത്രം

നമ്മുടെ പ്രധാനപ്പെട്ട സംവിധായകരില്‍ പലരും മികച്ച നടന്മാരുമാണ്, അവരില്‍ ചിലരേ മാത്രമേ കഥാപാത്രങ്ങളായി പ്രേക്ഷകര്‍ സ്ക്രീനില്‍ കണ്ടിട്ടുള്ളൂവെങ്കിലും. ഇപ്പോഴിതാ അത്തരത്തില്‍ പ്രേക്ഷകരില്‍ കണ്ടിട്ടില്ലാത്ത, സംവിധായകരിലെ ഒരു മികച്ച നടനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍. അന്‍വര്‍ റഷീദിനെക്കുറിച്ചാണ് അത്. അമല്‍ നീരദ് ഒരു സിനിമയില്‍ നായകനായി ആദ്യം കാസ്റ്റ് ചെയ്യാന്‍ ആലോചിച്ചതും അന്‍വര്‍ റഷീദിനെ ആയിരുന്നെന്ന് സൗബിന്‍ പറയുന്നു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ ചിത്രം പ്രാവിന്‍കൂട് ഷാപ്പുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യം പറയുന്നത്. 

"അമലേട്ടന്‍ (അമല്‍ നീരദ്) പലവട്ടം ശ്രമിച്ചതാണല്ലോ അമ്പുക്കയെ (അന്‍വര്‍ റഷീദ്) വച്ച് പടം ചെയ്യാന്‍. അന്‍വര്‍ എന്ന പടം ഏറ്റവുമാദ്യം ആലോചിച്ചത് അന്‍വര്‍ റഷീദിനെ വച്ചിട്ടാണ്. പക്ഷേ അന്‍വര്‍ റഷീദ് സമ്മതിച്ചില്ല. അമ്പുക്ക കലക്കന്‍ നടനാണ്, ഞങ്ങള്‍ കണ്ടതില്‍ വച്ചിട്ട്. കഥാപാത്രം ഉള്‍ക്കൊള്ളേണ്ട കാര്യങ്ങളും ആ മൂഡുമൊക്കെ ഡയറക്ഷന്‍ സമയത്ത് പറഞ്ഞുതരുമ്പോള്‍ത്തന്നെ നമുക്ക് അറിയാം, പുള്ളി ഒരു കലക്കന്‍ പരിപാടി ആണെന്ന്. ട്രാന്‍സിന്‍റെ സമയത്തൊക്കെ", സൗബിന്‍ പറയുന്നു.

അതേസമയം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തെത്തിയ അന്‍വറില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ ചിത്രം റീ റിലീസ് ആയി വീണ്ടും തിയറ്ററുകളില്‍ എത്തിയിരുന്നു. അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് അന്‍വറില്‍ പൃഥ്വിരാജ് എത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തിയത്. പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണിത്. 

ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം