അമലാ പോള്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി വി ഷാജികുമാറും വിവേകും ചേര്‍ന്നാണ്.
അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ടീച്ചര്‍. ഒരിടവേളയ്‍ക്ക് ശേഷം അമലാ പോള്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീച്ചര്‍ എന്ന ചിത്രത്തിന്ളെ ഫസ്റ്റ് ലുക്ക് മോഹൻലാല്‍ പുറത്തുവിട്ടു.
ഫഹദ് നായകനായ 'അതിരൻ' എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചര്‍'. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊല്ലമാണ് അമലാ പോള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. വിനോദ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അമലാ പോള്‍ ചിത്രം 'ടീച്ചറു'ടെ കഥ സംവിധായകൻ വിവേകിന്റേതാണ്. ഫഹദിന്റെ വേറിട്ട കഥാപാത്രത്താല്‍ ശ്രദ്ധേയമായ 'അതിരനി'ലൂടെ വരവറിയിച്ച സംവിധായകനാണ് വിവേക്. പി എഫ് മാത്യൂസിന്റെ തിരക്കഥയിലായിരുന്നു വിവേകിന്റെ ആദ്യ ചലച്ചിത്രസംരഭം. വീണ്ടും ഒരു ചിത്രവുമായി എത്തുമ്പോള്‍ യുവകഥാകൃത്ത് പി വി ഷാജികുമാറാണ് വിവേകിനൊപ്പം തിരക്കഥയില്‍ കൂട്ട്. 'കന്യകാ ടാക്കീസ്' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി ശ്രദ്ധേയനായ പി വി ഷാജികുമാര്‍ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ 'ടേക്ക് ഓഫിടന്റെ രചനയിലും പങ്കാളിയായിയിരുന്നു. മമ്മൂട്ടി നായകനായ ചിത്രം 'പുത്തൻ പണ'ത്തിന് സംഭാഷണമെഴുതിയത് പി വി ഷാജി കുമാറുമാണ്. 'കാമറൂണ്‍' എന്ന ചിത്രവും പി വി ഷാജികുമാറിന്റെ തിരക്കഥയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അജിത്ത് പുല്ലേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ ചിത്രസംയോജനം നിര്‍വഹിക്കുന്നു.
