കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പിക കഥയെന്നാണ് സംവിധായകന്‍റെ വിശദീകരണം

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'കോള്‍ഡ് കേസ്' ആമസോണ്‍ പ്രൈമിലൂടെ എത്തും. തന്‍റെ നിര്‍മ്മാണത്തിലുള്ള 'കോള്‍ഡ് കേസും' 'മാലിക്കും' ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ആന്‍റോ ജോസഫ് നേരത്തെ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്തു നല്‍കിയിരുന്നു. ചിത്രത്തിന്‍റെ റിലീസ് തീയതി ആമസോണ്‍ പ്രൈം പ്രഖ്യാപിച്ചു. ഈ മാസം 30നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. പൃഥ്വിരാജ് സുകുമാരന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആണിത്.

ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്‍റെ ഫീച്ചര്‍ ഫിലിം സംവിധാന അരങ്ങേറ്റമാണ് കോള്‍ഡ് കേസ്. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

View post on Instagram

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പിക കഥയെന്നാണ് സംവിധായകന്‍റെ വിശദീകരണം. അതേസമയം ആക്ഷന്‍ സീക്വന്‍സുകളില്ലാത്ത ചിത്രമായിരിക്കും ഇതെന്നും തനു ബാലക് പറഞ്ഞിരുന്നു. ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളുള്ള ചിത്രവുമാണ് ഇത്. അതിഥി ബാലനാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ഫഹദ് ഫാസില്‍ നായകനാവുന്ന മഹേഷ് നാരായണന്‍ ചിത്രം 'മാലിക്കി'ന്‍റെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.