അമേരിക്കൻ ഗായകനും സിനിമാ താരവുമായ മീറ്റ് ലോഫ് അന്തരിച്ചു.


അമേരിക്കൻ ഗായകനും ചലച്ചിത്ര താരവുമായ മീറ്റ് ലോഫ് ( Meat Loaf) അന്തരിച്ചു. ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ നടനെന്ന നിലയിലും ശ്രദ്ധേയനാണ് മീറ്റ് ലോഫ്. 74 വയസായിരുന്നു. മീറ്റ് ലോഫിന്റെ മരണകാരണം എന്തെന്ന് അറിവായിട്ടില്ല.

'ബാറ്റ് ഔട്ട് ഓഫ് ഹെല്‍' എന്ന ആല്‍ബത്തിലൂടെയാണ് മീറ്റ് ലോഫ് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്.' ഐ വില്‍ ഡു എനിതിംഗ് ഫോര്‍ ലവ്' ആണ് മറ്റൊരു ഹിറ്റ് ആല്‍ബം. അറുപത്തിയഞ്ചോളം ഹോളിവുഡ് ചിത്രങ്ങളിലും മീറ്റ് ലീഫ് അഭിനയിച്ചിട്ടുണ്ട്. 'ഫൈറ്റ് ക്ലബ്', 'ഫോക്കസ്' തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

മീറ്റ് ലോഫിന്റെ മരണസമയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഡെബോറയാണ് ഭാര്യ. പേളും അമന്റയുമാണ് മീറ്റ് ലീഫിന്റെ മക്കള്‍. മീറ്റ് ലീഫിന്റെ മരണകാരണം എന്താണെന്ന് കുറിപ്പില്‍വ്യക്തമാക്കിയിട്ടില്ല.

മീറ്റ് ലോഫിന്റെ മരണവാര്‍ത്ത അറിയിക്കുമ്പോള്‍ തങ്ങളുടെ ഹൃദയം തകരുകയാണെന്ന് കുറിപ്പില്‍ പറയുന്നു. എത്രത്തോളം എല്ലാവരും മീറ്റ് ലീഫിനെ സ്‍നേഹിച്ചിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹത്തെ നഷ്‍ടപ്പെട്ട ദുഃഖസമയത്തിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരുടെയും പിന്തുണയെയും സ്‍നേഹത്തെയും ഞങ്ങള്‍ മതിക്കുന്നു. ജനമനസ്സില്‍ എന്നും മരണമില്ലാതെ അദ്ദേഹം നിലനില്‍ക്കുമെന്നും കുറിപ്പില്‍ എഴുതിയിരിക്കുന്നു.