അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച ചിത്രം റിലീസായിട്ട് 52 വര്‍ഷം തികയുന്നു.

രാജ്യത്തെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചൻ (Amitabh Bachchan). ഒരു ഇന്ത്യൻ സിനിമ പ്രേക്ഷകനെ സംബന്ധിച്ചെടുത്തോളം അമിതാഭ് ബച്ചന്റെ അഭിനയജീവിതം പരിചിതമാണ്. എണ്ണംപറഞ്ഞ ഹിറ്റ് ചിത്രങ്ങളിലൂടെ അമിതാഭ് ബച്ചൻ എന്നും ഓര്‍മിക്കപ്പെടും. ഇപോഴിതാ അമിതാഭ് തന്റെ അഭിനയ ജീവിതം 52 വര്‍ഷം തികയുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ്.

അമിതാഭ് ബച്ചന്റേതായി ആദ്യം റിലീസായത് സാത് ഹിന്ദുസ്ഥാനിയാണ്. 1969 ഫെബ്രുവരി 15നാണ് താൻ ചിത്രത്തിനായി ഒപ്പിട്ടതെന്നും അതേ വര്‍ഷം നവംബര്‍ ഏഴിന് റിലീസായെന്നും അമിതാഭ് ബച്ചൻ എഴുതുന്നു. 52 വര്‍ഷം. സാത് ഹിന്ദുസ്ഥാനിയെന്ന ചിത്രത്തിലെ ഒരു ഫോട്ടോയും പങ്കുവെച്ചാണ് അമിതാഭ് ബച്ചൻ സന്തോഷം അറിയിക്കുന്നത്. ഖ്വജ അഹമ്മദ് അബ്ബാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച നവാഗതനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും അമിതാഭ് ബച്ചന് ലഭിച്ചിരുന്നു.

Scroll to load tweet…

ഖ്വജ അഹമ്മദ് അബ്ബാസും മൻമോഹൻ സാബിറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഖ്വാജ അഹമ്മദ് അബ്ബാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. മലയാളത്തിന്റെ മധു, ഷെഹനാസ്, ഉത്‍പാല്‍ ദുത്ത്, ജലാല്‍ അഘ, അൻവര്‍ അലി തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. അൻവര്‍ അലി എന്ന കഥാപാത്രമായിട്ടാണ് അമിതാഭ് ബച്ചൻ സാത് ഹിന്ദുസ്ഥാനിയില്‍ അഭിനയിച്ചത്.

ചെഹരെ എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ റിലിസായത്. റൂമി ജാഫ്രിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ മേയ് ഡേയില്‍ അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്.