Asianet News MalayalamAsianet News Malayalam

അമ്മയിൽ തെരഞ്ഞെടുപ്പ്: മോഹൻലാലിന് എതിരില്ല, മുകേഷും ജഗദീഷും മത്സരരംഗത്ത്

ഇത്തവണ ഔദ്യോഗിക പാനലിന് പുറത്ത് നിന്ന്  നിരവധിപ്പേർ മത്സരത്തിനെത്തിയതാണ് ഔദ്യോഗിക പാനലിനെ ഞെട്ടിച്ചിരിക്കുന്നത്

AMMA general body election Mohanlal elected unanimously Mukesh and Jagadeesh to compete for Vice president
Author
Kochi, First Published Dec 5, 2021, 1:01 PM IST

കൊച്ചി: പതിവിന് വിരുദ്ധമായി താരസംഘടനയായ അമ്മയിൽ ഇത്തവണ തെരഞ്ഞെടുപ്പുണ്ടാകും. പ്രസിഡന്‍റായി മോഹൻലാലിന് എതിരില്ലെങ്കിലും വൈസ് പ്രസിഡ‍ന്‍റ് സ്ഥാനത്തേക്കടക്കം നിരവധിപേരാണ് ഇത്തവണ രംഗത്തുളളത്. രാഷ്ടീയ പാർടികളുമായി ബന്ധമുളളവർ മത്സരരംഗത്തുനിന്ന് പിൻമാറണമെന്ന നിർദേശം സംഘടനയിൽ  പൊതുവിൽ ഉയർന്നിട്ടുണ്ട്.

മുൻ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ താരസംഘടന നടത്തിയ നീക്കങ്ങൾ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ഔദ്യോഗിക പാനലിന് പുറത്ത് നിന്ന്  നിരവധിപ്പേർ മത്സരത്തിനെത്തിയതാണ് ഔദ്യോഗിക പാനലിനെ ഞെട്ടിച്ചിരിക്കുന്നത്. ഈ മാസം 19 നാണ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോ‍ഡി യോഗം നിശ്ചയിച്ചിരിക്കുന്നത്. പ്രസി‍ഡന്‍റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ധിഖും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യയും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഇവർക്കെതിരെ മത്സരത്തിന് ആരും നോമിനേഷൻ നൽകിയിട്ടില്ല. 

പതിവിന് വിരുദ്ധമായി വൈസ് പ്രസിഡന്‍റ്, എക്സിക്യുട്ടീവ് കമ്മിറ്റികളിലേക്ക് കടുത്ത മത്സരം നടക്കും. വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്. മുകേഷ് , മണിയൻപിളള രാജു, ജഗദീഷ് എന്നിവരും വൈസ് പ്രസിഡന്റുമാരാകാൻ നോമിനേഷൻ നൽകി. ഇവരിൽ കൂടുതൽ വോട്ടുകിട്ടുന്ന രണ്ടുപേർ തെരഞ്ഞെടുക്കപ്പെടും.

അതേസമയം 11 അംഗം എക്സ്ക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിന് പുറത്തുനിന്ന് ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരും പത്രിക നൽകിയിട്ടുണ്ട്. നേരിട്ട് രാഷ്ടീയ ബന്ധമുളളവരോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമായി മത്സരിച്ചവരോ അമ്മ ഭരണ സമിതിയിലേക്ക് മത്സരിക്കരുതെന്ന് പൊതുധാരണയുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. മുകേഷ്, ജഗദീഷ് എന്നിവർ ഇക്കാര്യം അംഗീകരിച്ച്  മത്സരരംഗത്തുനിന്ന് പിന്മാറുമെന്നാണ് കണക്കുകൂട്ടൽ. 

Follow Us:
Download App:
  • android
  • ios