തകർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് അമൃത സുരേഷ്.
ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചയായ ഗായികയാണ് അമൃത സുരേഷ്. അതിനുശേഷം ബിഗ് ബോസ് ഷോയിലും എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയായ അമൃത ഇപ്പോൾ സ്റ്റേജ് ഷോകളും മറ്റുമായി മുന്നോട്ട് പോകുകയാണ്. അമൃതയുടെ വ്യക്തിജീവിതവും സോഷ്യലിടങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ അറിയാത്ത കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടെന്നും തളർന്നുപോയപ്പോളൊക്കെ കുടുംബം കൂടെയുണ്ടായിരുന്നുവെന്നും അമൃത പറയുന്നു. ക്ലബ്ബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
''തകർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ എല്ലാവരും മനുഷ്യന്മാരാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നമുക്ക് അറിയാത്ത കാര്യങ്ങൾ എറ്റെടുക്കേണ്ടി വരുന്ന സാഹചര്യം വരുമ്പോൾ തളർന്നുപോയിട്ടുണ്ട്. അന്ന് എന്റെ സമാധാനം കാത്തുസൂക്ഷിച്ചിട്ടുള്ളത് ഉപ്പയും എന്റെ കുടുംബമാണ്, കൂടാതെ എന്റെ സംഗീതവും. അതുകൊണ്ടുതന്നെ ഇപ്പോഴും ഞാൻ വീഴും എന്ന് തോന്നുന്ന സമയത്ത് ഇവരുണ്ട് അങ്ങനെ വീഴാൻ സമ്മതിക്കില്ല എന്ന് പറഞ്ഞുകൊണ്ട് അച്ചനും അമ്മയും അഭിരാമിയും എപ്പോഴും കൂടെയുണ്ടായിരുന്നു'', അമൃത അഭിമുഖത്തിൽ പറഞ്ഞു.
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും താരം സംസാരിച്ചു. അന്ന് യാത്രകളും സംഗീതവും ആണ് തന്നെ എല്ലാത്തിൽ നിന്നും രക്ഷിച്ചതെന്നും ഇപ്പോൾ ജീവിതത്തിൽ എന്ത് സംഭവിച്ചാലും എല്ലാം നേരിടാൻ താൻ തയ്യാറാണെന്നും അമൃത പറയുന്നു. ''മുമ്പോട്ടു പോകുമ്പോൾ നമ്മൾ തന്നെ തിരിച്ചറിയും ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന്. ഒരു പോയിന്റിൽ എനിക്ക് തന്നെ എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായി. അപ്പോൾ ഞാൻ യാത്രകൾ ചെയ്യാനും ധ്യാനിക്കാനും തുടങ്ങി. കൂടുതലായും പാട്ടിനായി സമയം നൽകി. മനസിനെ എങ്ങനെയൊക്കെ ഡൈവേർട്ട് ചെയ്യാമോ അങ്ങനെയൊക്കെ ചെയ്തുനോക്കി. ഇപ്പോൾ എന്റെ ചുറ്റും എന്തു നടന്നാലും എനിക്കതൊരു പ്രശ്നമല്ല, ഞാൻ അതിൽനിന്നും പുറത്തുവന്നിരിക്കും'', അമൃത സുരേഷ് കൂട്ടിച്ചേർത്തു.
