ആദ്യ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തോടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് വിജയ്
ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള പാര്‍ട്ടി തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയത്. ഡിഎംകെയുടെ തുടര്‍ ഭരണ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ടാണ് തമിഴക വെട്രി കഴകം നേരിട്ട ആദ്യ തിരഞ്ഞെടുപ്പില്‍ത്തന്നെ സീറ്റുകളുടെ എണ്ണത്തില്‍ സെഞ്ചുറി അടിച്ചത്. രാഷ്ട്രീയ നിരൂക്ഷകര്‍ക്കും എക്സിറ്റ് പോളുകള്‍ക്കുമൊന്നും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന ഒരു കുതിപ്പ് ആയിരുന്നു ഇത്. ഇപ്പോഴിതാ വിജയ്‍യുടെ ഒരു ബാല്യകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാധിധിക്ക് പിന്നില്‍ നില്‍ക്കുന്ന ബാലനായ വിജയ്‍യുടെ ഒരു ചിത്രമാണ് ഇത്. ഒരു ഉദ്ഘാടന പരിപാടിയില്‍ റിബണ്‍ മുറിക്കുന്ന കരുണാനിധിയുടെ പിന്നില്‍ നില്‍ക്കുകയാണ് വിജയ് ചിത്രത്തില്‍. കരുണാനിധിയുടെ മകനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ അടക്കം പരാജയപ്പെട്ട, ഡിഎംകെ അടി പതറിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കൗതുകകരമായ ഈ പഴയ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ കാര്യമായി പ്രചരിക്കപ്പെട്ടത്. പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ അടക്കമുള്ളവര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം അദ്ദേഹം പങ്കുവെച്ച വാചകവും ശ്രദ്ധേയമാണ്. തന്‍റെ പിന്നില്‍ നില്‍ക്കുന്ന ആ കുട്ടി ഒരു ദിവസം തന്‍റെ പാര്‍ട്ടിയെ തകര്‍ക്കുമെന്ന് കലൈജ്ഞര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല, രാം ഗോപാല്‍ വര്‍മ്മയുടെ കുറിപ്പ്.
അതേസമയം നേരിട്ട ആദ്യ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തോടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് വിജയ്. ഇതിന് മുന്നോടിയായി ടിവികെയുടെ നിയമസഭാ കക്ഷി നേതാവായി വിജയ്‍യെ തെരഞ്ഞെടുത്തു. നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് വിജയ്‍യെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. മാജിക് സംഭവിക്കുമെന്ന് നിയുക്ത ടിവികെ എംഎൽഎ വിഎൻഎസ് മുസ്തഫ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗവർണർ ക്ഷണിച്ചാൽ വിജയ്‍യെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 130-135 ആകുമെന്ന് വിഎൻഎസ് മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ഈയാഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്ന് നിയുക്ത കമ്പം എംഎൽഎ ജഗന്നാഥ് മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതിനിടെ എം കെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.






