കൊല്ലത്ത് ഭാര്യയെ ആരുമറിയാതെ കൊല്ലാനും കൊലപാതകം സ്വാഭാവിക മരണമായി തീര്‍ക്കാനും ഭര്‍ത്താവ് സൂരജ് നടത്തിയ നാടകം വളരെപ്പെട്ടന്നാണ് പൊളിഞ്ഞുവീണത്. പാമ്പിനെക്കൊണ്ട് കൊത്തിച്ച് ഭാര്യയെക്കൊന്ന് അത് അപകട മരണമാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ഈ സംഭവം പുറംലോകത്തെത്തിയതോടെ ഓര്‍മ്മയിലേക്ക് വരുന്നത് മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ കരിമ്പിന്‍പൂവിനക്കരെ എന്ന സിനിമയാണ്. 

കരിമൂര്‍ഖനെ ഉപയോഗിച്ച് തന്‍റെ ജ്യേഷ്ഠന്‍റെ മരണത്തിന് പ്രതികാരം വീട്ടുകയായിരുന്നു ഭദ്രന്‍ സിനിമയില്‍ ചെയ്തതെങ്കില്‍ ഭാര്യയെ കൊന്ന് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യം. മറ്റൊരു വിവാഹം കഴിക്കാനാണ് ഉത്രയെ കൊന്നതെന്ന് സൂരജ് പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. 

മോഹന്‍ലാലാണ് ഭദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്യേഷ്ഠനായ ചെല്ലണ്ണന്‍ ഭരത് ഗോപിയാണ്. ചെല്ലണ്ണന്‍റെ മരണത്തിന് കാരണക്കാരിയായ ചന്ദ്രികയെന്ന ഉര്‍വശിയുടെ കഥാപാത്രത്തോടുള്ള പ്രതികാരം ഭദ്രന്‍ തീര്‍ക്കുന്നത് ചന്ദ്രികയുടെ ഭര്‍ത്താവ് തമ്പിയെ (രവീന്ദ്രന്‍) കരിമൂര്‍ഖനെക്കൊണ്ട് കൊത്തിച്ച് കൊന്നാണ്. 35 കൊല്ലം മുമ്പ് 1985 ലാണ് ഐവി ശശി - പത്മരാജന്‍ കൂട്ടുകെട്ടില്‍ കരിമ്പിന്‍ പൂവിനക്കരെ പുറത്തിറങ്ങുന്നത്. 

തമ്പിയെ കൊത്തിയ പാമ്പ് താനാണെന്ന് ഭദ്രന്‍ ചന്ദ്രികയോട് പറയുന്നുണ്ട്. അതിന് ചെലവായത് പാമ്പുപിടുത്തക്കാരന്‍ കൊറവന് കൊടുത്ത വെറും 150 രൂപ മാത്രമാണെന്നും അയാള്‍ പറയുന്നു. ഇതും ഉത്ര കൊലപാതകത്തിനോട് ഏറെ സാമ്യമുള്ള രംഗമാണ്. ഭാര്യയെ കൊല്ലാന്‍ 10000 രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. 

ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നുവെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലിൽ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പൊലീസിനോട് പറഞ്ഞു. ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. 

പാമ്പിനെ കുപ്പിയിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടിൽ സൂക്ഷിച്ചുവെന്നും പൊലീസ് പറയുന്നു. വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളിൽ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. തുടര്‍ന്ന്, രാവിലെ സൂരജ് തന്നെ പാമ്പിനെ കണ്ടെത്തി തല്ലി കൊല്ലുകയായിരുന്നു.