നിയമപരമായി നീങ്ങിത്തുടങ്ങിയെന്ന് അനാമിക പറയുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്‍ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്‍ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് അനാമികക്കും വിഷ്‍ണുവിനും കുഞ്ഞ് പിറന്നത്. കുഞ്ഞിന് ജന്മനാ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ മകൾക്കെതിരെ വരുന്ന കമന്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അനാമിക. മകൾക്കെതിരെ നെഗറ്റീവ് കമന്റുകൾ ഇടുന്നവർക്കെതിരെ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ഇരുവരും കൂട്ടിച്ചേർ‌ത്തു.

''ഉണ്ണിമോൾക്കുള്ള ഒരു ഇഷ്യൂ പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു വീഡിയോ ഇട്ടിരുന്നു. അതിനു താഴെ ഞങ്ങളെ ചേർത്ത് പിടിക്കുന്ന തരത്തിൽ ഒത്തിരി കമന്റ്സ് വന്നിരുന്നു. അവരോടെല്ലാം ഞങ്ങൾക്ക് ഒത്തിരി സ്നേഹവും നന്ദിയുമുണ്ട്. എന്നാൽ നെഗറ്റീവ് കമന്റ്സിടുന്നവരും സമൂഹത്തിലുണ്ട്. ഒരു വ്യക്തി നിരന്തരമായി ഞങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ മോശം കമന്റ് ചെയ്യാറുണ്ട്. ഉണ്ണിമോളുടെ ഇഷ്യൂ പറഞ്ഞ് ഞങ്ങൾ വീഡിയോ ഇടുന്നതിനും മുൻപേ അതുണ്ട്. ഞങ്ങൾക്ക് ഉണ്ണിമോളെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടിയിട്ടേയുള്ളൂ. ഒരിക്കലും തകർന്നിട്ടില്ല. ഒരു വീഡിയോയിലും ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടുമില്ല.

ചിലർ എന്നേയും മോളെയും മോശം പറഞ്ഞും കമന്റിട്ടിട്ടുണ്ട്. കേസ് കൊടുക്കാമെന്ന് ഞാൻ നിരന്തരമായി ഉണ്ണിയേട്ടനോട് പറയുന്നുണ്ട്. മുമ്പൊരിക്കൽ കുഞ്ഞിനെ മോശമായി പറഞ്ഞ് ഒരു സ്ത്രീ കമന്റിട്ടപ്പോൾ വീഡിയോ ചെയ്ത് മാത്രമാണ് ഞങ്ങൾ പ്രതികരിച്ചത്. ആ കമന്റ് കണ്ടാൽ ഏതൊരമ്മയും പ്രതികരിക്കും. അതാണ് അന്ന് പ്രതികരിച്ചത്. ഇനി വിടാൻ ഉദ്ദേശിച്ചിട്ടില്ല. നിരന്തരമായി കുഞ്ഞിനെ മോശം പറയുന്ന ആ വ്യക്തിയെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരും. അതിന് എത്രത്തോളം പോകണമോ അത്രത്തോളം പോകും. ആ വ്യക്തിയെ കാണണമെന്ന് എനിക്ക് വാശിയുണ്ട്. അതിനായി നിയമപരമായി നീങ്ങിത്തിടങ്ങി'' എന്നും അനാമിക കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക