ഒറ്റ പാട്ടിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന കൊച്ചുഗായിക അനന്യ ഇനി സിനിമയില്‍ പിന്നണി പാടും. പ്രജേഷ്‌സെന്‍ സംവിധാനം ചെയ്യുന്ന 'വെള്ളം' എന്ന പുതിയ ചിത്രത്തിലാണ് അനന്യ പാടുക. ജയസൂര്യ നായകനാവുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ബിജിബാലാണ്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ജന്മനാ കാഴ്ചയില്ലാത്ത അനന്യ എന്ന കൊച്ചുഗായികയുടെ പാട്ട് ഫേസ്ബുക്കിലൂടെ ഒട്ടേറെപ്പേര്‍ കേട്ടത്. 'ഉയരെ' എന്ന ചിത്രത്തിലെ 'നീ മുകിലോ' എന്ന ഗാനമായിരുന്നു അത്. മിനി പദ്മ എന്ന മാധ്യമപ്രവര്‍ത്തകയാണ് ഫേസ്ബുക്കിലൂടെ അനന്യ പാടുന്ന വീഡിയോ ആദ്യം പങ്കുവച്ചത്. ഈ കുട്ടി ആരെന്ന് കണ്ടെത്താന്‍ സഹായിക്കാമോ എന്ന ചോദ്യത്തോടെയാണ് അവര്‍ വീഡിയോ ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്തത്. തുടര്‍ന്ന് കുട്ടി ആരെന്ന് കണ്ടെത്തി. കണ്ണൂര്‍ വാരം സ്വദേശിയാണെന്നും ധര്‍മ്മശാല മാതൃകാ അന്ധ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണെന്നുമൊക്കെ പിന്നാലെയറിഞ്ഞു.

നടി അനുമോളില്‍ നിന്നുമാണ് ബിജിബാല്‍ അനന്യയെക്കുറിച്ച് അറിഞ്ഞത്. പ്രജേഷ് സെന്നിന്റെ സിനിമയില്‍ ഒരു കുട്ടി പാട്ട് പാടുന്ന സന്ദര്‍ഭമുണ്ട്. അനന്യയുടെ പാട്ടിന്റെ വീഡിയോ കണ്ട ബിജിബാലും പ്രജേഷ് സെന്നും ആ അവസനം അനന്യയ്ക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി പി സത്യന്റെ ജീവിതം പറഞ്ഞ 'ക്യാപ്റ്റന്' ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് 'വെള്ളം'.