ഒരു റിലേഷൻഷിപ്പിൽ നിന്നതുകൊണ്ടുണ്ടായ പ്രശ്‍നങ്ങളായിരുന്നു അന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീയ അയ്യര്‍.
നടി, അവതാരക, ബോഡി ബിൽഡർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ആളാണ് ശ്രീയ അയ്യർ. ഫിറ്റ്‌നസിന് പുറമേ സൂംബാ, വിമൻ കിക്ക് ബോക്‌സിങ്, ഷൂട്ടിങ് പരിശീലനം എന്നിവയിലും ശ്രീയ സജീവമാണ്. ഒരു യഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് ബോഡിബില്‍ഡിങ്ങിലേക്കും മലയാളികൾ അംഗീകരിച്ച മികച്ച അവതാരക ആയും ശ്രീയ ഉയർന്നത്. ഇപ്പോഴത്തെ ഈ പ്രശസ്തിക്ക് പിന്നിൽ ബുദ്ധിമുട്ടേറിയ ഒരു കാലം തനിക്കും ഉണ്ടായിരുന്നതായും ഈ യാത്ര ഒട്ടും എളുപ്പമല്ലായിരുന്നു എന്നും ശ്രീയ പറയുന്നു.
''പെണ്ണായി ജനിച്ചു എന്നതാണ് ആദ്യം എന്റെ യാത്ര പ്രയാസകരമാക്കിയത്. ഫിറ്റ്നസിലേക്ക് തിരിഞ്ഞപ്പോൾ വെജിറ്റേറിയനാണ് എന്നതും പ്രശ്നമായി. ഫിറ്റ്നസിന് വേണ്ടി ഭക്ഷണം മുതലുള്ള കാര്യങ്ങൾ സാക്രിഫൈസ് ചെയ്തു. മെന്റലി ഡൗൺ ആകുന്ന ഘട്ടം വരെയെത്തി. പലപ്പോഴും കമന്റുകൾ കണ്ട് സെൻസിറ്റീവായി. പക്ഷെ ഞാൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്ത് തിരിച്ച് കൊണ്ടുവന്നു. ആണുങ്ങളുടെ മേഖലയാണ് ബോഡി ബിൽഡിങ് എന്നതുകൊണ്ട് തന്നെ ഒരുപാട് വിമർശനം വന്നു. ഞാൻ ബോഡി ബിൽഡിങ് തുടങ്ങിയ സമയത്ത് സോഷ്യൽമീഡിയയും ആക്ടീവായിരുന്നില്ല. കൊറോണ ടൈമിൽ ഫ്രീ ഫിറ്റ്നസ് അടക്കമുള്ള പ്രോഗ്രാമുകൾ ചെയ്തിരുന്നു. അപ്പോൾ മുതലാണ് ആളുകൾ എന്നെ മനസിലാക്കി തുടങ്ങിയതും അംഗീകരിച്ച് തുടങ്ങിയതും.
ഒരു ഘട്ടത്തിൽ എനിക്ക് നല്ലൊരു വീഴ്ച സംഭവിച്ചിരുന്നു. ഒരു റിലേഷൻഷിപ്പിൽ നിന്നതുകൊണ്ടുണ്ടായ പ്രശ്നങ്ങളായിരുന്നു. അന്ന് ആത്മഹത്യശ്രമം വരെ നടത്തി. അമ്മയുടെ വാക്കുകളാണ് ജീവിതത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്. നാട്ടുകാരെ ആയിരുന്നു അന്ന് ഞാൻ ഏറെയും ഭയന്നിരുന്നത്.
ചത്തവരെ വീണ്ടും കൊല്ലുന്നത് പോലെയായിരുന്നു നാട്ടുകാരുടെ പെരുമാറ്റം. എന്തിന് നാട്ടുകാരെ നോക്കി ജീവിക്കണമെന്ന് പിന്നെ ഞാൻ ആലോലിച്ചു. വീണു പോയപ്പോൾ എന്നും കൂടെനിന്നത് മാതാപിതാക്കളാണ്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീയ പറഞ്ഞു.


