ലികിത് ഷെട്ടി, അമൃത അയ്യങ്കാര്‍ കേന്ദ്ര കഥാപാത്രങ്ങള്‍
ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് താന്‍ രംഗപ്രവേശം ചെയ്യുന്ന വിവരം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആന്‍ അഗസ്റ്റിന്‍ (Annu Augustine) അറിയിച്ചത്. ഇപ്പോഴിതാ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുകയാണ്. മലയാളത്തിലല്ല, മറിച്ച് കന്നഡത്തിലാണ് ആനിന്‍റെ നിര്‍മ്മാണ അരങ്ങേറ്റം. എന്നാല്‍ ഇതൊരു മലയാള ചിത്രത്തിന്‍റെ റീമേക്കുമാണ്. നവാഗതനായ ജോണ്‍ വര്‍ഗീസിന്‍റെ സംവിധാനത്തില്‍ 2015ല്‍ പുറത്തെത്തിയ അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്‍റെ കന്നഡ റീമേക്ക് ആണ് ചിത്രം. അബ്ബബ്ബാ എന്നാണ് പേരിട്ടിരിക്കുന്നത്.
താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണ് ഇതെന്നും സന്തോഷകരവും സംഘര്‍ഷഭരിതവുമായ, നിരവധി ഓര്‍മ്മകള്‍ ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായെന്നും ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് ആന്‍ അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ യാത്രയില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്ന ആന്‍ അമ്മയ്ക്കാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. വിജയ് ബാബു, വിവേക് തോമസ് എന്നിവരും ആനിനൊപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. ഫ്രൈഡേ ഫിലിം ഹൌസ്, മിറാമര്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. അടി കപ്യാരേ കൂട്ടമണിയുടെ നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൌസ് ആയിരുന്നു.
ലികിത് ഷെട്ടി, അമൃത അയ്യങ്കാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് രാജ്, താണ്ഡവ്, ധന്‍രാജ് എന്നിവരും അഭിനയിച്ചിരിക്കുന്നു. കെ എം ചൈതന്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മനോഹര്‍ ജോഷിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് പി ഹരിദോസ് കെജിഎഫ്, സംഗീതം ദീപക് അലക്സാണ്ടര്‍, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ഷില്‍ക എബ്രഹാം, പി ഹരിദോസ് കെജിഎഫ്, പ്രണോയ് പ്രകാശ്. അഭിലാഷ് എസ് നായര്‍, ജോണ്‍ വര്‍ഗീസ് എന്നിവരുടെ കഥയില്‍ നിന്നും അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ കെ എം ചൈതന്യ തന്നെയാണ്. സംഭാഷണം കെ എല്‍ രാജശേഖര്‍, കലാസംവിധാനം വിശ്വാസ് കശ്യപ്, മേക്കപ്പ് പി കുമാര്‍, വസ്ത്രാലങ്കാരം ജാക്കി, നൃത്തസംവിധാനം ഹര്‍ഷ, അസോസിയേറ്റ് ഡയറക്ടര്‍ ശരത്ത് മഞ്ജുനാഥ്, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ മധുസൂദന്‍ ഗൌഡ, വിജയ് രാജാറാം, അൻന്ദു എസ് നായര്‍.
തിയറ്ററുകളില്‍ സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു അടി കപ്യാരേ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ്, മുകേഷ്, അജു വര്‍ഗീസ്, വിനീത് മോഹന്‍, നീരജ് മാധവ്, ബിജുക്കുട്ടന്‍, ജോണ്‍ വിജയ്, സാബുമോന്‍, ദേവി അജിത്ത്, റോഷന്‍ മാത്യു തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം ചിത്രം തമിഴിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അശോക് സെല്‍വന്‍ നായകനാവുന്ന ചിത്രത്തിന് ഹോസ്റ്റല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഏപ്രില്‍ 28ന് ഈ ചിത്രം തിയറ്ററുകളിലെത്തും.
