ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. അനൂപിന്റെ നാട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാലാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ജനുവരി ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്. സിനിമാതിരക്കുകള്‍ക്കിടയിലും കൃഷിയിലുള്ള തന്റെ താല്‍പര്യം വിടാതെ കാക്കുന്നയാളാണ് അനൂപും. അച്ഛന്റെ സുഹൃത്ത് രാജാ മുഹമ്മദ് വഴിയാണ് അനൂപ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. കൃഷിയിലുള്ള താല്‍പര്യം ഇരുവരെയും അടുപ്പിക്കുകയായിരുന്നു.

മമ്മൂട്ടി നായകനായ രഞ്ജിത്ത് ചിത്രം 'ബ്ലാക്കി'ലൂടെയാണ് അനൂപ് ചന്ദ്രന്റെ സിനിമാ പ്രവേശം. ഇതുവരെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ജനപ്രിയ മത്സരാര്‍ഥിയുമായിരുന്നു അനൂപ്. ബിഗ് ബോസ് സുഹൃത്തുക്കളായ ഡേവിഡ് ജോണ്‍, ബഷീര്‍ ബഷി എന്നിവരെ നായകന്മാരാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നതായും അനൂപ് പ്രഖ്യാപിച്ചിരുന്നു.

(വീഡിയോയ്ക്ക് കടപ്പാട്: മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ്)