മലയാളത്തിലെ സൂപ്പര്‍താരങ്ങളടക്കം ഒട്ടുമിക്ക അഭിനേതാക്കളും ഒറ്റ സിനിമയില്‍! അസാധ്യമെന്ന് തോന്നുന്ന ആ ആശയം നടപ്പാക്കിയതിന്‍റെ ഫലമായിരുന്നു 2008ല്‍ പുറത്തിറങ്ങിയ ട്വന്‍റി 20. തങ്ങളുടെ സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കായുള്ള പെന്‍ഷന്‍ തുക കണ്ടെത്താനായി താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിലാണ് അന്ന് ചിത്രമൊരുക്കിയത്. ദിലീപ് ആയിരുന്നുചിത്രത്തിന്‍റെ നിര്‍മ്മാണം. ഉദയകൃഷ്‍ണ-സിബി കെ തോമസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം വലിയ ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു ശ്രമം ഒരിക്കല്‍ക്കൂടി നടത്താന്‍ ഒരുങ്ങുകയാണ് 'അമ്മ'.

മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ തുക സമാഹരിക്കാനാണ് ട്വന്‍റി 20 നിര്‍മ്മിച്ചതെങ്കില്‍ ധനസമാഹരണം തന്നെയാണ് പുതിയ സംരംഭത്തിന്‍റെയും ലക്ഷ്യം. കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച വ്യവസായങ്ങളിലൊന്ന് സിനിമയാണ്. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നാമമാത്രമായ ചിത്രങ്ങളുടെ ഷൂട്ടിംഗ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍ത്തന്നെ അമ്മയിലെ പല അംഗങ്ങളും സാമ്പത്തികമായി പ്രതിസന്ധിയിലാണ്. ഇവരെ സഹായിക്കാന്‍ വേണ്ട തുക കണ്ടെത്തുകയാണ് പുതിയ സിനിമയുടെ ലക്ഷ്യം.

ട്വന്‍റി 20യുടെ സംവിധാനം ജോഷി ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തിന്‍റെ സംവിധായകനായി മറ്റൊരു മുതിര്‍ന്ന സംവിധായകന്‍ ടി കെ രാജീവ് കുമാറിന്‍റെ പേരാണ് കേള്‍ക്കുന്നത്. എന്നാല്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനം ആയിട്ടില്ല.  കൊവിഡ് ഭീതി ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രൊജക്ടിന്‍റെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് 'അമ്മ' കടന്നിട്ടില്ല. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം പുറത്തിറക്കാനാണ് ആലോചന.  സിനിമാ പ്രഖ്യാപനം തന്നെ വലിയ ആഘോഷമാക്കാനും സംഘടന ആലോചിക്കുന്നു. 

"