ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നല്‍കിയ സൈബർ അധിക്ഷേപ പരാതിയില്‍ നടി നീന കുറുപ്പിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 

ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയായ നടി നീന കുറുപ്പിന്‍റെ മൊഴിയെടുത്ത് പൊലീസ്. കടവന്ത്ര പൊലീസ് ആണ് നീന കുറുപ്പിന്‍റെ വീട്ടിലെത്തി മൊഴിയെടുത്തത്. അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു. അന്‍സിബയോട് ടിനി ടോം മോശമായി പെരുമാറിയെന്നും സംഘടനയുടെ കുടുംബ സം​ഗമത്തിന് ഇടയിലുണ്ടായ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന രീതിയില്‍ ടിനി ടോം അസഭ്യം പറഞ്ഞുവെന്നും നീന കുറുപ്പ് എക്സിക്യൂട്ടീവിന് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. ഇതിലാണ് നീന കുറുപ്പിന്‍റെ മൊഴി പൊലീസ് എടുത്തിരിക്കുന്നത്. ടിനി ടോമിനെതിരെ മൊഴി നല്‍കി എന്നാണ് നീന കുറുപ്പ് പ്രതികരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം അന്‍സിബ ഹസന്‍ തന്നെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന ടിനി ടോമിന്‍റെ ആരോപണം വ്യാജ പ്രചാരണമാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നിന്‍റെ മകനും പൊലീസിന് മൊഴി നല്‍കി. ജൂണ്‍ ഒന്നാം തിയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.

അതേസമയം അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് അന്‍സിബ നല്‍കിയ മറുപടിക്കത്ത് ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോ​ഗം ചര്‍ച്ച ചെയ്തില്ല. 21-ാം തീയതിയാണ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗം നടക്കുക. അവിടെവച്ച് അന്‍സിബയ്ക്ക് എതിരായ നടപടി തീര്‍ക്കാം എന്ന തീരുമാനത്തിലാണ് നിലവില്‍ എഖ്സിക്യൂട്ടീവ്. അതേസമയം ജനറല്‍ ബോഡിക്ക് മുന്‍പ് അം​ഗങ്ങള്‍ക്ക് വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കുന്ന നടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല. സംഘടനയുടെ ബൈലോ പ്രകാരം ജനറല്‍ ബോഡി നടക്കുന്നതിന് 21 ദിവസം മുന്‍പ് അം​ഗങ്ങള്‍ക്ക് വാര്‍ഷിക റിപ്പോര്‍ട്ട് കൊടുക്കണം. സംഘടനയുടെ വരവ് ചിലവ് കണക്കുകളില്‍ ഇപ്പോഴും വ്യക്തതക്കുറവുണ്ട് എന്നതും ജനറല്‍ ബോഡിയില്‍ ചര്‍ച്ചയായേക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming