Asianet News MalayalamAsianet News Malayalam

മതരാഷ്ട്രീയത്തിന് മേലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് ഏക്യദാര്‍ഢ്യവുമായി ഇറാനില്‍ നിന്നൊരു മുടിതുമ്പ്

സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാര ജേതാവായ ഇറാനിയൻ സംവിധായിക മെഹനാസ് മുഹമ്മദിയുടെ മുടിയായിരുന്നു സുഹൃത്ത് കൂടിയായ അതീന റേച്ചല്‍ സംഗാരി വേദിയില്‍ ഉയര്‍ത്തിയത്. 

anti hijab Protest against Iran at 27th Kerala International Film Festival
Author
First Published Dec 10, 2022, 10:29 AM IST


തിരുവനന്തപുരം: സാംസ്കാരിക / കായിക മേളകള്‍ അതാത് കലത്തെ രാഷ്ട്രീയ / മതാധികരങ്ങള്‍ക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ക്ക് എന്നും വേദികളായിരുന്നു. ഇത്തവണത്തെ ഐഎഫ്എഫ്കെയിലും പതിവ് തെറ്റിക്കാതെ പ്രതിഷേധ സ്വരമുയര്‍ന്നു. എന്നാല്‍, ആ പ്രതിഷേധം ഔദ്ധ്യോഗിക പക്ഷത്തിന്‍റെത് കൂടിയായിരുന്നെന്നൊരു വ്യാത്യാസമുണ്ട്. 27 ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഔപചാരിക ഉദ്ഘാടനത്തിനിടെ വേദിയില്‍ നിന്ന് തന്നെയായിരുന്നു ആ പ്രതിഷേധം. ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് മുറിച്ചെടുത്ത മുടിയുയര്‍ത്തി ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത്. 

സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാര ജേതാവായ ഇറാനിയൻ സംവിധായിക മെഹനാസ് മുഹമ്മദിയുടെ മുടിയായിരുന്നു സുഹൃത്ത് കൂടിയായ അതീന റേച്ചല്‍ സംഗാരി വേദിയില്‍ ഉയര്‍ത്തിയത്. ഇറാനിലെ മത - രാഷ്ട്രീയ അധികാരങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് രാഷ്ട്രീയാധികാരം ഉപയോഗിച്ച് ഇറാന്‍, മെഹനാസ് മുഹമ്മദിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വിലക്ക് ലംഘിച്ച് ബ്രിട്ടനിലേക്ക് കുറിയേറിയ മെഹനാസിന് യാത്ര തടസങ്ങള്‍ കാരണം കേരളത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എങ്കിലും തനിക്ക് അവാര്‍ഡ് ലഭിച്ച വേദിയില്‍ ജന്മ രാജ്യത്തെ ഹിജാബ് വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന് മെഹനാസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്, സ്വന്തം മുടി മുറിച്ച് സുഹൃത്ത് കൈവശം കൊടുത്ത് വിട്ടുകൊണ്ടായിരുന്നു. അതീന റേച്ചല്‍ സംഗാരിയാണ് മെഹനാസിനേ വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയതും സന്ദേശം വായിച്ചതും.

കഴിഞ്ഞ സെപ്തംബര്‍ 16 ന് കുര്‍ദ്ദ് പ്രവിശ്യയില്‍ നിന്നും ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലെത്തിയ 22 കാരി മെഹ്സ അമിനി, ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മത പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ദിവസങ്ങള്‍ക്ക് ശേഷം മെഹ്സ അമിനി മരണമടഞ്ഞെങ്കിലും ഇറാനില്‍ നിന്നുറയര്‍ന്ന ഹിജാബ് വിരുദ്ധ പ്രതിഷേധം യൂറോപ്പും ആഫ്രിക്കയും അമേരിക്കയും കടന്ന് ഇങ്ങ് കേരളത്തിലെ അന്താരാഷ്ട്രാ ചലച്ചിത്ര വേദിയിലും ഉയര്‍ന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി കാഴ്ചക്കാര്‍ക്ക് നേരെ തിരിച്ച് വച്ച സിനിമ ആർട്ട് ലൈറ്റ് തെളിച്ചായിരുന്നു ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത്.

 

ബ്രിട്ടനിലുള്ള മെഹനാസിന്‍റെ കേരളത്തിലെത്തിക്കാന്‍ ശശി തരൂര്‍ എം പി വഴി ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ലെന്നും മെഹനാസിന്‍റെ മുടിയിഴകള്‍ സൂക്ഷിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് പറഞ്ഞു. കാനിൽ വെന്നികൊടി പാറിച്ച റിമൈൻസ് ഓഫ് ദി വിൻഡ് ഉൾപ്പടെ ആദ്യദിനത്തിൽ 11 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി 32 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ വനിത  പ്രദർശനത്തിനെത്തുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈൻ ചിത്രം 'ക്ലൊണ്ടൈക്കും' വിയറ്റ്നാം ചിത്രം 'മെമ്മറിലാൻഡും' ഉൾെപ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളടക്കമാണിവ.

ഇതിനിടെ, ഐഎഫ്എഫ്കെയില്‍ മറ്റൊരു പ്രതിഷേധമുയര്‍ന്നിരുന്നു. കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നതിന്‍റെ പേരില്‍, ഫിലിം ഫെസ്റ്റ്വല്ലിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് താമസത്തിനുള്ള സൗകര്യം ഇന്‍സ്റ്റിറ്റ്യൂട്ട് പിന്‍വലിച്ചു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചെങ്കിലും താമസസൗകര്യമേര്‍പ്പെടുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറായില്ല. ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് ഇരുപതോളം വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളുടെ താമസസൗകര്യം ശരിയാക്കിയത്. 

Follow Us:
Download App:
  • android
  • ios