Asianet News MalayalamAsianet News Malayalam

'മരക്കാര്‍ ആദ്യ ഷോ ആരംഭിക്കേണ്ടിയിരുന്നത് രാത്രി 12ന് 350 തീയേറ്ററുകളില്‍'; കൊവിഡ് തകര്‍ത്ത പദ്ധതിയെക്കുറിച്ച്

'മാര്‍ച്ച 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം. ആറ് മാസം മുന്‍പ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. അഞ്ച് ദിവസം മുന്‍പാണ് ലോക്ക് ഡൗണ്‍ വന്നത്..'

antony perumbavoor about the covid impact on marakkar release
Author
Thiruvananthapuram, First Published Sep 2, 2020, 3:12 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കേണ്ടിവന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാരായി എത്തുന്ന മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം. ബഹുഭാഷാ റിലീസ് ആയി മാര്‍ച്ച് 26ന് ആഗോളതലത്തില്‍ റിലീസ് തീരുമാനിച്ചിരുന്ന സമയത്താണ് ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നത്. തുടര്‍ന്ന് ചിത്രം അനിശ്ചിതകാലത്തേക്ക് റിലീസ് നീട്ടിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെയുണ്ടായവയില്‍ ഏറ്റവുമുയര്‍ന്ന ബജറ്റിലാണ് (100 കോടി) ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ദിനത്തില്‍ തീരുമാനിച്ചിരുന്ന ഫാന്‍സ് ഷോകളെക്കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സാധാരണ സിനിമകളുടെ തീയേറ്റര്‍ പ്രദര്‍ശനസമയം ആരംഭിക്കുമ്പോഴേക്ക് 1000 സ്പെഷ്യല്‍ ഷോകള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്ന് ആന്‍റണി പറയുന്നു. കൊച്ചിന്‍ കലാഭവന്‍റെ ലണ്ടന്‍ ചാപ്റ്ററിന് നല്‍കിയ ഫേസ്ബുക്ക് ലൈവ് അഭിമുഖത്തിലാണ് ആന്‍റണി ഇതേക്കുറിച്ച് പറയുന്നത്.

"കുഞ്ഞാലിമരയ്ക്കാരായിരുന്നു റിലീസിന് തയ്യാറെടുത്തിരുന്ന ഞങ്ങളുടെ ചിത്രം. മാര്‍ച്ച 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം. ആറ് മാസം മുന്‍പ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. അഞ്ച് ദിവസം മുന്‍പാണ് ലോക്ക് ഡൗണ്‍ വന്നത്. കേരളത്തില്‍ ആ സിനിമ റിലീസ് ചെയ്യാനിരുന്നത് രാത്രി 12 മണിക്കായിരുന്നു. 300-350 തീയേറ്ററുകളില്‍. നേരം വെളുക്കുമ്പോഴേക്കും 750-1000 ഷോകള്‍ ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. അതായത് സാധാരണ ഷോ തുടങ്ങുന്ന സമയം ആവുമ്പോഴേക്കും 1000 ഷോകള്‍ പൂര്‍ത്തിയാവുന്ന വിധത്തില്‍. ആ ഒരു സാഹചര്യം ഇനി എന്നാണ് ഉണ്ടാവുന്നതെന്നൊന്നും നമുക്ക് അറിയില്ല. ആ പ്ലാനുകളൊക്കെ ഇപ്പോള്‍ ശൂന്യതയില്‍ നില്‍ക്കുകയാണ്. അതിന്‍റെ സങ്കടമുണ്ട്", ആന്‍റണി പറയുന്നു

antony perumbavoor about the covid impact on marakkar release

 

ജീത്തു ജോസഫിന്‍റെ സംവിധാനത്തിലെത്തുന്ന ദൃശ്യം 2 ചിത്രീകരണം ഈ മാസം 14ന് ആരംഭിക്കുമെന്നും ആന്‍റണി പറയുന്നു. "എറണാകുളത്തും തൊടുപുഴയിലുമായിട്ടാവും ചിത്രീകരണം. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം നടന്നുകൊണ്ടിരിക്കുന്നു. ആവശ്യമായ നിയന്ത്രണങ്ങളോടെയാവും ചിത്രീകരണം. എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തി, ഷൂട്ടിംഗ് തീരുന്നതുവരെ മുഴുവന്‍ അംഗങ്ങളെയും ഒരു ഹോട്ടലില്‍ തന്നെ താമസിപ്പിച്ച് അങ്ങനെയൊക്കെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്", ആന്‍റണി കൂട്ടിച്ചേര്‍ക്കുന്നു. 

Follow Us:
Download App:
  • android
  • ios