ദൃശ്യം 3 മലയാളം പതിപ്പിന്‍റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ പനോരമ സ്റ്റുഡിയോസും പെൻ മൂവീസും സ്വന്തമാക്കി. 

ദൃശ്യം പോലെ ഇത്രയധികം ഭാഷകളിലേക്ക് റീമേക്ക് പോയി, അവിടങ്ങളിലെല്ലാം ഒരുപോലെ ആരാധകരെ നേടിയ മറ്റൊരു ഫ്രാഞ്ചൈസി മലയാളത്തില്‍ വേറെയില്ല. മറ്റ് ഭാഷകളിലും ഇതിനോട് താരതമ്യപ്പെടുത്താവുന്ന ഉദാഹരണങ്ങള്‍ തീര്‍ച്ചയായും കുറവായിരിക്കും. മലയാളത്തിന് പുറമെ ഹിന്ദിയിലും ദൃശ്യം 3 നായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് സംബന്ധിച്ച് പനോരമ സ്റ്റുഡിയോസ് കോര്‍പറേറ്റ് സര്‍വീസസ് വകുപ്പിന് അയച്ച കത്തും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് പനോരമ സ്റ്റുഡിയോസും അവരുടെ പങ്കാളികമായ പെന്‍ മൂവീസും.

ഇതിനോടനുബന്ധിച്ച് അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂര്‍ അടക്കമുള്ളവരുടെ വാക്കുകള്‍ ഉണ്ട്. തന്‍റെ ചിന്തകളിലും പ്രേക്ഷകരുടെ വികാരങ്ങളിലും വര്‍ഷങ്ങളായി തുടരുന്ന ആളാണ് ജോര്‍ജുകുട്ടിയെന്ന് മോഹന്‍ലാല്‍ പറയുന്നു. പഴയൊരു സുഹൃത്തിനെ പുതിയ രഹസ്യങ്ങളുമായി വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് അയാളിലേക്ക് വീണ്ടും പോകുന്നത്. അദ്ദേഹത്തിന്‍റെ യാത്ര എവിടേക്കാണ് മുന്നേറുന്നതെന്നത് പ്രേക്ഷകര്‍ കാണാനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് ഞാന്‍, മോഹന്‍ലാല്‍ പറയുന്നു.

ആഗോള തലത്തിലെ തങ്ങളുടെ വിതരണ ശൃംഖലകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ എക്കാലത്തെയും വലിയ ആഗോള റിലീസുകളില്‍ ഒന്നാക്കി ദൃശ്യം 3 നെ മാറ്റാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പെന്‍ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പതക് പറയുന്നു. എന്നെ സംബന്ധിച്ച് ദൃശ്യം എന്നത് ഒരു സിനിമ എന്നതിനേക്കാള്‍ വലുതാണ്. ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് തന്നെ പരിണാമപരമായ ഒരു യാത്രയായിരുന്നു അത്. മലയാളം ഒറിജിനലിന്‍റെ ആ​ഗോള അവകാശം വാങ്ങുക എന്നത് ഞങ്ങളെ സംബന്ധിച്ച് അഭിമാനകരവും വൈകാരികവുമായ ഒറു മുഹൂര്‍ത്തമാണ്, കുമാര്‍ പതക് പറയുന്നു.

മികച്ച ഇന്ത്യന്‍ കഥകള്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്ന തങ്ങളുടെ ലക്ഷ്യം തുടരുകയാണ് ദൃശ്യം 3 ലൂടെയുമെന്നാണ് പെന്‍ സ്റ്റുഡിയോസ് ഡയറക്ടര്‍ ഡോ. ജയന്തിലാല്‍ ​ഗഡ പറഞ്ഞു. ദൃശ്യം അര്‍ഹിക്കുന്നതെന്ന് തങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്ന ഒരു വലിയ സ്കെയിലില്‍ മലയാളം ദൃശ്യം 3 ഇപ്പോള്‍ എത്താന്‍ ഒരുങ്ങുകയാണെന്നാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം. ജീത്തു ജോസഫിന്‍റെ പ്രതികരണം ഇങ്ങനെ- ദൃശ്യം പോലെയുള്ള കഥകള്‍ അവസാനിക്കുകയല്ല. മറിച്ച് വളരുകയാണ് ചെയ്യുന്നത്. ഈ കഥ ഒരു ആ​ഗോള വേദി അര്‍ഹിക്കുന്നതാണെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോള്‍ ഈ പുതിയ കൂട്ടുകെട്ടിലൂടെ അത് സംഭവിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ അടുത്ത നീക്കം എന്താണെന്ന് അറിയാന്‍ ലോകം തന്നെ കാത്തിരിക്കുന്നതുപോലെ ഇപ്പോള്‍ തോന്നുന്നു, ജീത്തു ജോസഫ് പറയുന്നു.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live