സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതനായ 'ആക്ടര്‍ കോപ്' എന്ന ബിബിന്‍ ജോസഫ് ഇനി സിനിമയില്‍. പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനിലൂടെയാണ് ബിബിന്‍റെ എന്‍ട്രി. സിമയിലും ജീവിതത്തിലും പൊലീസ് ഉദ്യോഗസ്ഥന്‍.
സിനിമ, അതൊരു സ്വപ്ന ലോകമാണ്. പലരും പലയാവർത്തി എത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുള്ള ലോകം. അതിൽ ചിലർ വഴുതി വീഴും. ചിലർ ആ ലോകത്തേക്കുള്ള രസച്ചരട് മുറുകെ പിടിച്ച് പ്രയത്നിച്ച് കൊണ്ടേയിരിക്കും. എല്ലാം പയറ്റി നോക്കും. ഒടുവിൽ ആ സ്വപ്ന ലോകത്തേക്ക് എത്തിപ്പെടുകയും ചെയ്യും. വർഷങ്ങൾ നീണ്ട പ്രയത്നത്തിന് ഒടുവിൽ അങ്ങനെ ഒരാൾ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ബിബിൻ ജോസഫ്. ഈ പേര് കേട്ടാൽ ചിലപ്പോൾ ആളെ വേഗം പിടികിട്ടിയെന്ന് വരില്ല. 'ആക്ടർ കോപ്' എന്ന പേരാകും സുപരിചിതം.
പാർവതി തിരുവോത്ത് നായികയായി എത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ' എന്ന സിനിമയിലൂടെയാണ് ബിബിൻ വെള്ളിത്തിരയിലേക്ക് പുതു ചുവടുവച്ചിരിക്കുന്നത്. പടത്തിൽ പൊലീസ് വേഷമാണ്. യഥാർത്ഥ ജീവിതത്തിലും ആള് പൊലീസ് തന്നെ! കഴിഞ്ഞ 10 വർഷമായി ഫോഴ്സിലുള്ള ബിബിന്റെ വലിയ ആഗ്രഹമാണ് സിനിമ. അതിന് വേണ്ടിയാണ് റീലുകളെ കൂട്ടുപിടിച്ചതും. ചെറുപ്രായം മുതൽ നെഞ്ചോടു ചേർന്ന അഭിനയ മോഹം ഇപ്പോൾ സിനിമയിൽ എത്തി നിൽക്കുന്നതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ബിബിൻ ജോസഫ് എന്ന 'ആക്ടർ കോപ്'.

റീലുകളിൽ നിന്നും സിനിമയിലേക്ക്.. സന്തോഷം
തീർച്ചയായും ഞാനിപ്പോൾ സന്തോഷവാനാണ്. കാരണം സിനിമയിലേക്ക് എത്തണം എന്ന പ്ലാനോടെയാണ് റീലുകൾ ചെയ്യാൻ തുടങ്ങിയത്. റീൽസ് വൈറൽ അകണം, ആ റീലുകൾ നമ്മൾ ഉദ്ദേശിച്ച ആളുകളിലേക്ക് എത്തണം, പ്രത്യേകിച്ച് സംവിധായകരുടെ അടുത്ത്. അതൊക്കെയായിരുന്നു മൈൻഡിൽ. കുറെയൊക്കെ അത് വർക്ക്ഔട്ട് ആയി എന്ന് വിചാരിക്കുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് അഞ്ച് ദിവസം മുൻപാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനി'ൽ അഭിനയിക്കാൻ കോൾ വരുന്നത്. എന്റേത് ഒരു ചെറിയ കഥാപാത്രമാണ്. പക്ഷെ, ഞാൻ ഹാപ്പിയാണ്. നല്ലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു.
സംവിധായകൻ വഴി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനി'ലേക്ക്
ഞാൻ ആദ്യമായിട്ടല്ല സിനിമ ചെയ്യുന്നത്. നേരത്തെ രണ്ടുമൂന്ന് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. 'സൗദി വെള്ളക്ക'യിലാണ് ആദ്യം അഭിനയിക്കുന്നത്. തരുൺ ചേട്ടനുമായുള്ള പരിചയത്തിലായിരുന്നു അത്. ആ സമയത്ത് റീൽ പരിപാടികളൊന്നും ഇല്ല. ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഈ പടങ്ങളൊക്കെ ഒരു തുടക്കമായിരുന്നു. അതിനുശേഷം ഇങ്ങനെ നിന്നാൽ കാര്യങ്ങൾ മുന്നോട്ട് പോവില്ലെന്ന തോന്നലിൽ നിന്നാണ് റീലിൽ എത്തുന്നത്. സംവിധായകൻ ഷഹദുമായി എനിക്ക് പേഴ്സൺ കോൺടാക് ഉണ്ടായിരുന്നു. റീലൊക്കെ അയച്ചു കൊടുത്തിട്ട് കോൺടാക്ട് ആയതാണ്. അദ്ദേഹം പറഞ്ഞിട്ട് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിക്കുകയായിരുന്നു. പൊലീസ് സ്റ്റോറിയാണ് ചിത്രം. എന്റെ കഥാപാത്രവും പൊലീസ് തന്നെയാണ്.
അഞ്ച് വർഷം ലീവ്!
കഴിഞ്ഞ കുറച്ചു നാളായി ഡയറക്ടേഴ്സുമായി ഞാൻ കോൺടാക്ട് ബിൽഡ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വീഡിയോ ചെയ്യുന്നുണ്ട്. മാക്സിമം റീച്ച് കിട്ടുന്ന വീഡിയോകൾ പരമാവധി നോക്കുന്നുണ്ട്. കുറെയൊക്കെ റീച്ചായി. അതിലൂടെയാണ് ഡയറക്ടേഴ്സുമായി കോൺടാക്ട് വരുന്നത്. 2025 -ൽ സിനിമയുമായി ബന്ധപ്പെട്ട് കോളുകൾ വന്നിരുന്നു. അതുവച്ചു നോക്കുമ്പോൾ 2026 -ൽ കുറച്ച് പടങ്ങളൊക്കെ വരേണ്ടതാണ്. ആ വിശ്വാസത്തിൽ ജോലിയിൽ നിന്നും അഞ്ച് വർഷം ലീവെടുത്തു.
സിനിമയിലേക്ക് എത്തണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് തന്നെ ഡയറക്ടേഴ്സിനെയൊക്കെ നേരിൽ പോയി കാണണം. ജോലിയിൽ നിൽക്കുമ്പോൾ ഇത് രണ്ടും കൂടെ മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ല. ഒരു കാര്യത്തിലേ കോൺസട്രേഷൻ കിട്ടൂ. ജോലി കഴിഞ്ഞിട്ട് വരുന്ന സമയങ്ങളിൽ റീൽ ചെയ്യുന്നുണ്ട്. അത് റീലാണ്. അതങ്ങനെ അങ്ങ് പൊയ്ക്കോളും. പക്ഷേ, ഡയറക്ടർമാരുമായി കോൺടാക്ട് ചെയ്യാനും, അത് മെയ്ന്റൈൻ ചെയ്തു പോകണമെങ്കിലും നേരിട്ട് കാണണം. അങ്ങനെ പോയാലെ എന്തെങ്കിലും ഒരു റിസൾട്ടിലേക്ക് എത്തൂ. അതിൽ എത്തും എന്നുള്ള വിശ്വാസത്തിൽ ഇറങ്ങി തിരിച്ചതാണ്. എല്ലാം ഒരു വിശ്വാസമാണല്ലോ.
ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യണം
സിനിമയിൽ മുഴുനീള കഥാപാത്രങ്ങൾ ചെയ്തിട്ട് കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു അഞ്ചുമിനിറ്റ് ആണേലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യണം. പല ഷോർട് സീരീസിൽ നിന്ന് എനിക്ക് കോളുകൾ വരാറുണ്ട്. അതെല്ലാം ഒന്നുകിൽ സൈക്കോ ആയിട്ട് അല്ലെങ്കിൽ വില്ലനിസം പരിപാടി അല്ലെങ്കിൽ പ്രകാശ് വർമ ചെയ്ത പോലുള്ള വ്യത്യസ്തമായ പൊലീസ് വേഷങ്ങൾ ആയിരിക്കും. അതായത് ഞാൻ റീൽ ചെയ്ത്, അത്യാവശ്യം റീച്ചായ വീഡിയോയിലെ വേഷങ്ങൾ. അങ്ങനെ ഒരാളെ ആയിരിക്കും അവർ എഴുതി വച്ചേക്കുന്നത്. ഞാൻ ചെയ്ത ഫഹദ് ഫാസിലിന്റെ ഷമ്മിയായാലും എസ് ജെ സൂര്യയായാലും എല്ലാവരും സ്വീകരിച്ചിരുന്നു. അങ്ങനെയുള്ള വേഷങ്ങൾ അതായത് കുറച്ച് സൈക്കോ അല്ലെങ്കിൽ വില്ലനിസം റോളുകൾ ചെയ്യുന്നതാകും നല്ലതെന്ന് തോന്നുന്നു. നമുക്കത് ചെയ്യാനും പറ്റും. അങ്ങനെയുള്ള വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടവും.

ബിബിൻ ജോസഫ് എന്ന ‘ആക്ടർ കോപ്’
എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേരാണ് 'ആക്ടർ കോപ്'. പലയിടത്തും 'ആക്ടർ' കൂട്ടി കുറെ പേരുകൾ ഞാൻ കണ്ടിരുന്നു. ആക്ടർ എന്ന് എഴുതിയിട്ട് ഒരു പേര്. എന്റെ വീഡിയോ ഇപ്പോൾ ഒരാൾ വന്ന് കണ്ടു, പോയി. അപ്പോഴേക്കും എന്റെ പേര് അയാൾ നോട്ടീസ് ചെയ്യണമെന്നില്ല. അതേസമയം, ഒരു വ്യത്യസ്തമായ പേര് ഇടുവാണെങ്കിൽ, നാളെ പെട്ടെന്ന് എന്തെങ്കിലും വരുമ്പോൾ അയ്യോ അവനുണ്ടായിരുന്നല്ലോ അല്ലെങ്കിൽ അങ്ങനെ ഒരാളുണ്ടല്ലോ എന്ന് ചിന്തിക്കും. പക്ഷേ പേര് അറിയില്ല. വ്യത്യസ്തമായൊരു പേരാണെങ്കിൽ പെട്ടന്നത് ക്യാച്ച് ചെയ്യും. അങ്ങനെ ചിന്തിച്ചപ്പോൾ സ്റ്റാർട്ടിംഗ് 'ആക്ടർ' ഇടാം എന്ന് ആദ്യം കരുതി. പിന്നെയാണ് നമ്മൾ പൊലീസുകാരനാണല്ലോ. അപ്പോൾ 'കോപ്' (Cop) ഇടാം എന്ന് വച്ചത്. അങ്ങനെ 'ആക്ടർ കോപ്പ്' എന്നാക്കി ഇൻസ്റ്റയിൽ സെർച്ച് ചെയ്തപ്പോൾ വെറെ ആരുമില്ല. ആ പേരിൽ വേറെ അക്കൗണ്ടും ഇല്ല. സ്വാഭാവികമായിട്ടും ഈ പേര് അടിച്ചാൽ എന്റെ അക്കൗണ്ട് മാത്രമെ വരൂ. കുറച്ച് ഫെയിം ആയി നിൽക്കുന്നത് കൊണ്ട് കയറി വരുമെന്ന ചിന്തയുമുണ്ട്. പിന്നെ വീഡിയോയുടെ ലാസ്റ്റ് ആ പേര് ചേർക്കാൻ തുടങ്ങി. ഓട്ടോമാറ്റിക്കലി പേര് എല്ലാവരുടെയും മനസ്സിൽ കയറും. അതിൽ വിജയിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു.
ഇടുക്കിക്കാരൻ സിനിമയിലോ?
ഞാനൊരു ഇടുക്കിക്കാരനായതുകൊണ്ട് സിനിമയിലേക്ക് എത്താൻ പറ്റുമോ എന്നത് ഡൗട്ട് ആയിരുന്നു. കാരണം നമ്മുടെ ചുറ്റും ആരുമില്ല. ഇതിനെപ്പറ്റി ഒരാളോട് ചോദിക്കാൻ പറ്റില്ല. എന്റെ പഠനകാലവും ഇടുക്കിയിൽ തന്നെയായിരുന്നു. സിനിമയുമായി ബന്ധമുള്ള ആരേയും അറിയില്ല. ഞാൻ ജോലിക്ക് കയറിയതിന് പിന്നാലെയാണ് TikTok ആപ്പുകളൊക്കെ വരുന്നത്. സിനിമ എന്നത് ഒരു പ്രതീക്ഷ ആയിരുന്നു. കിട്ടുമായിരിക്കും, കയറുമായിരിക്കും എന്ന പ്രതീക്ഷ. പക്ഷെ, അപ്പോഴും പ്രൊഫഷണലായി ഞാൻ സിനിമയെ നോക്കിയിട്ടില്ല. എത്താൻ പറ്റുമോ എന്ന ഡൗട്ടായിരുന്നു. റീലുകൾ ചെയ്ത് പതിയെ കയറി കയറി ഇവിടം വരെ എത്തി.
'സൗദി വെള്ളക്ക'യിൽ പോകുന്നതിന് മുൻപ് ഞാൻ സ്ക്രിപ്റ്റ് എഴുതിയായിരുന്നു. ആ വഴി സിനിമയിൽ കയറാൻ പറ്റുമെന്ന ചിന്തയിലായിലായിരുന്നു അത്. ഇപ്പോ മൊത്തം രണ്ട് സ്ക്രിപ്റ്റ് ഉണ്ട്. പക്ഷേ, അഭിനയും സ്ക്രിപ്റ്റും ഒരുമിച്ച് പോകില്ല. ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള അല്ലെങ്കിൽ ഒരാൾ കേട്ട ഉടനെ എടുക്കാവുന്ന രീതിയിലുള്ളതല്ല സ്ക്രിപ്റ്റെന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്. അതുകൊണ്ട് ആ പരിപാടി അവിടെ നിർത്തിവെച്ച് അഭിനയം എന്നുള്ള കൺസെപ്റ്റിലേക്ക് പോയി.
അബദ്ധവശാൽ കിട്ടിയ പണിയല്ല പൊലീസ്
പ്രൊഫഷണലി പൊലീസ് ജോലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഇഷ്ടപ്പെട്ട് കയറിയ ജോലിയാണത്. അബദ്ധവശാൽ കയറിയതല്ല. എന്റെ ചേട്ടൻ പൊലീസിലാണ്. അതോടെയാണ് എനിക്കും ഫോഴ്സിൽ കയറണമെന്ന ആഗ്രഹം വരുന്നത്. അടുത്ത എക്സാം ഞാൻ എഴുതി. ചേട്ടൻ ജോലിക്ക് കയറി നാല് വർഷം കഴിഞ്ഞപ്പോൾ ഞാൻ കയറി. ആഗ്രഹിച്ച് കയറിയതായത് കൊണ്ട് ഞാൻ സാറ്റിസ്ഫൈഡ് ആണ്. അത് കഴിഞ്ഞപ്പോഴാണ് സിനിമ പരിപാടി തുടങ്ങുന്നത്.

തുടക്കം ഫഹദിന്റെ ഷമ്മിയിലല്ല
റീലിന്റെ തുടക്കം ഷമ്മിയിലല്ല. പത്ത്, പതിനഞ്ച് വീഡിയോയ്ക്കകത്താണ് ഷമ്മി കേറി വന്നത്. ഫഹദ് ഷമ്മിയിൽ ചെയ്തുവച്ചേക്കുന്ന ഒരു പ്രത്യേകത ഉണ്ട്. അതുവരെ ആ റീൽ വേറെ ആരും ചെയ്യാത്തതുകൊണ്ടും നമ്മളത് കുഴപ്പമില്ലാതെ ചെയ്തതുകൊണ്ടുമാവാം വൈറലായത്. ഷമ്മിക്ക് ശേഷം ഫഹദിന്റെ അടുത്ത സിനിമയിലെ ഡയലോഗ് ചെയ്തു. പുള്ളിയുടെ ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേകത ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. 'ഒരു ഇന്ത്യൻ പ്രണയ കഥ' ആയാലും 'കുമ്പളങ്ങി നൈറ്റ്സി'ൽ ആയാലും വ്യത്യസ്ത വേഷങ്ങളാണ്. അതൊരുപാട് പേര് ചെയ്യാത്തതുകൊണ്ടാവും ആൾക്കാർ എന്റെ വീഡിയോ സ്വീകരിച്ചതെന്ന് വിശ്വസിക്കുന്നു.
ചില റീലുകൾ 25 ടോക്കുകൾ വരെ
കഴിഞ്ഞ അഞ്ച് വർഷമായി ഇടുക്കി ഫോറൻസിക്കിലായിരുന്നു ഞാൻ. രാവിലെ എവിടെയെങ്കിലും സീൻ വന്നെങ്കിൽ അവിടെ പോവുക. ആ സീൻ കഴിഞ്ഞശേഷം തിരിച്ച് വീട്ടിലേക്ക്. സീൻ ഇല്ലെങ്കിൽ ഈ പറഞ്ഞപോലെ നമ്മൾ ഓഫീസിൽ ചെല്ലുക. അവിടെ നമുക്ക് മറ്റു ജോലികൾ കാണും. നമ്മളീ കളക്ട് ചെയ്യുന്ന സാധനങ്ങളെല്ലാം ലാബിലാണ് എക്സാമിൻ ചെയ്യുന്നത്. അവരെ അസിസ്റ്റ് ചെയ്യും. ഓഫീസിൽ വേറെ എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ അത് തീർക്കും. അതെല്ലാം കഴിഞ്ഞതിനു ശേഷമാണ് റീലുകൾ എടുക്കുന്നത്. രാത്രി 2 മണിക്ക് വരെ ഞാൻ റീൽ ചെയ്തിട്ടുണ്ട്.
റീൽ എടുക്കുമ്പോൾ ഡയലോഗ് പഠിക്കണം എന്നതാണ് ആദ്യകാര്യം. ചില സമയങ്ങളിൽ മൂന്ന്, നാല് റീലുകളൊക്കെ ഒന്നിച്ച് ചെയ്യും. സമയം എങ്ങനെയാണോ കിട്ടുന്നത് അതുപോലെ ചെയ്തിട്ടുണ്ട്. ജീപ്പിൽ പോകുന്ന സമയത്തൊക്കെയാകും ഡയലോഗുകൾ പഠിക്കുന്നത്. വലിയൊരു ടാസ്ക് ആണ്. ചില റീലുകളൊക്കെ 25 ടേക്ക് വരെയൊക്കെ പോകാറുണ്ട്. ചില റീൽസ് ചെയ്യുമ്പോൾ ടൈമിംഗ് കിട്ടില്ല. നമ്മൾ എത്ര നോക്കിയാലും കിട്ടില്ല. കാരണം അഭിനയം വരണം, അതിന്റെ ഇമോഷൻ കറക്റ്റ് ആകണം, ലിപ്സിങ്ക് കറക്റ്റ് ആവണം, അങ്ങനെയൊക്കെയുള്ള കുറച്ച് പ്രശ്നങ്ങൾ ചിലതിൽ വരും. ഇതെല്ലാം കഴിഞ്ഞാണ് ഫൈനൽ ഔട്ട് വരുന്നത്.
ഇപ്പോൾ എല്ലാവർക്കും അറിയാം
ഞാൻ പൊലീസിൽ കയറിയിട്ട് പത്ത് വർഷമായി. 2015 -ലാണ് ജോലിക്ക് കയറുന്നത്. വീഡിയോ ചെയ്യാൻ തുടങ്ങിയിട്ട് രണ്ടര വർഷമായിട്ടേ ഉള്ളൂ. ഓഫീസിൽ എല്ലാവരും ഓരോ ഡ്യൂട്ടി ആയിട്ട് പലപല മേഖലകളിലായിരിക്കും. വീഡിയോ ഇടുന്നുണ്ടെങ്കിൽ അതിൻ്റെ ഒരു ഇൻ്റെൻഷൻ എന്താണെന്ന് എല്ലാവർക്കും അറിയണമെന്നില്ല. ഞാൻ അങ്ങനെ ആരോടും ഓപ്പൺ ആയിട്ട് പറഞ്ഞിട്ടുമില്ല. ചിലർ കാണുമ്പോൾ സിനിമ വല്ലതുമായോന്ന് ചോദിക്കും. ചിലർ വീഡിയോ അടിപൊളിയാണെന്ന് പറയും. അതിനപ്പുറത്തേക്ക് ഒരു സംസാരം ഞാനായിട്ട് കൊണ്ടുപോയിട്ടില്ല. ഇപ്പോൾ എല്ലാവർക്കും അറിയാം. എല്ലാവരും വിളിക്കാറുണ്ട്. സപ്പോർട്ട് ആണ്.
ഫോളോവേഴ്സിന്റെ പിന്തുണ വളരെ വലുത്
അറിയുന്നവരും അറിയാത്തവരും എല്ലാവരും എനിക്ക് ഒരുപാട് സപ്പോർട്ട് നൽകുന്നുണ്ട്. ഒരുപാട് പേര് കമന്റിൽ ആയാലും അല്ലാതെ ആയാലും മെസ്സേജുകൾ അയക്കാറുണ്ട്. എല്ലാ കമന്റുകളും മെസേജുകളും നോക്കാൻ പറ്റിയ സാഹചര്യവുമില്ല എനിക്ക്. എന്നാലും ഇടയ്ക്ക് ഇതെല്ലാം കാണുന്നുണ്ട്. ഒരു കാസ്റ്റിംഗ് കോൾ വന്നാൽ അവരെനിക്ക് അയച്ചു തരാറുണ്ട്. അതുപോലെ ഡയറക്ടർമാരുടെ നമ്പറുകൾ അയച്ചു തരാറുണ്ട്. ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ എന്റെ ഫോളേവേഴ്സ് അല്ലെങ്കിൽ വീഡിയോ കാണുന്ന ഒരുപാട് പേർ ഞാൻ സിനിമയിൽ കയറണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വളരെയേറെ സന്തോഷം തരുന്നൊരു കാര്യമാണത്.
ഭാര്യ ഫുള്‍ സപ്പോര്‍ട്ട്
അഞ്ചു വർഷത്തേക്ക് ലീവ് എടുത്തിട്ട്, സിനിമ എന്ന ഒരു ഉറപ്പുമില്ലാത്ത പരിപാടിക്ക് വേണ്ടി ഇറങ്ങുമ്പോൾ അവരുടെ ഭാഗത്തുനിന്ന് വന്ന സപ്പോർട്ട് വലുതാണ്. അത്രത്തോളം പിന്തുണ കിട്ടിയത് കൊണ്ടാണ് എനിക്ക് അഭിനയത്തിലേക്ക് വരാനും പറ്റിയത്. എന്റെ അടുത്ത സുഹൃത്തുക്കളുടെ ഭാഗത്തുനിന്നാണെങ്കിലും വലിയ സപ്പോർട്ടാണ്. അത് ഉണ്ടെങ്കിൽ മാത്രമേ ഇതിലേക്ക് ഇറങ്ങാൻ പറ്റുകയുള്ളൂ. ഒറ്റയ്ക്ക് പൊരുതുന്നവർ ഉണ്ടാവാം. പക്ഷേ, നമ്മളെല്ലാം ഓരോ കുടുംബ സാഹചര്യത്തിൽ നിൽക്കുന്നവരാണ്. അതുകൊണ്ട് സപ്പോർട്ട് എന്നത് വലിയ കാര്യമാണ്.

അടുത്തിടെയായി എല്ലാ വീഡിയോയും എടുക്കുന്നത് വൈഫ് ആണ്. പുള്ളിക്കാരി ഇതിലൊന്നും എക്സ്പേർട്ട് ഒന്നുമല്ല. ഒരു ഫോട്ടോ പോലും എടുക്കുന്ന ആളല്ല. ചെറിയ ചെറിയ മിസ്റ്റേക്കുകൾ ഒക്കെ ഉണ്ടാകും. പക്ഷെ, അതൊന്നും ഒരു മിസ്റ്റേക്ക് ആയിട്ട് ഞാൻ കാണുന്നില്ല. വളരെ പ്രോ ആയിട്ട് തന്നെ എടുത്തു എന്നാണ് എന്റെ മൈൻഡിൽ. അവളിപ്പോൾ ഗർഭിണിയാണ്. ഞങ്ങൾക്ക് എൽകെജിയിൽ പഠിക്കുന്നൊരു മകള്‍ കൂടിയുണ്ട്.



