ചില പ്രശ്നങ്ങൾ കാരണം ഒരുപാട് നാളായി മിണ്ടാതിരിന്നിരുന്ന ഒരു സുഹൃത്ത് തനിക്ക് മെസേജ് അയച്ചുവെന്നും, എന്നാൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവേണ്ട എന്ന കരുതി താൻ അത് അവഗണിച്ചുവെന്നും അനുപമ പറയുന്നു.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച അനുപമ തെലുങ്കിലായിരുന്നു കൂടുതൽ സജീവമായിരുന്നത്. സുരേഷ് ഗോപി നായകനായെത്തിയ ജെ.എസ്.കെ എന്ന ചിത്രമായിരുന്നു അനുപമയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം.

ഇപ്പോഴിതാ തന്റെ സുഹൃത്തിനെ കുറിച്ച് അനുപമ പങ്കുവെച്ച വൈകാരികമായ വാക്കുകളാണ് ചർച്ചയാവുന്നത്. ചില പ്രശ്നങ്ങൾ കാരണം ഒരുപാട് നാളായി മിണ്ടാതിരിന്നിരുന്ന ഒരു സുഹൃത്ത് തനിക്ക് മെസേജ് അയച്ചുവെന്നും, എന്നാൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവേണ്ട എന്ന കരുതി താൻ അത് അവഗണിച്ചുവെന്നും അനുപമ പറയുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ആ സുഹൃത്തിന്റെ മരണ വാർത്തയാണ് തന്നെ തേടിയെത്തിയതെന്നും അനുപമ പറയുന്നു.

"വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ മെസേജ് അയച്ചു. അതിന് രണ്ട് ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു.

അവന് ക്യാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്‍ അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിന് മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി പിണങ്ങി മിണ്ടാതായ ശേഷം ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതൊരു മോശം ഓര്‍മയാകും." സൗത്ത് വാലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ പ്രതികരണം.

View post on Instagram

പ്രേക്ഷക പ്രീതി നേടി 'പർദ്ദ'

അതേസമയം അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും ഒന്നിച്ചെത്തിയ 'പര്‍ദ്ദ' ആയിരുന്നു തെലുങ്കിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.ഓഗസ്റ്റ് 22 ന് റിലീസ് ചെയ്ത ചിത്രം മികച്ച സ്ത്രീപക്ഷ സിനിമയാണെന്നാണ് ഒടിടി റിലീസിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദ്ദയിൽ സം​ഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചൽ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ പ്രധാന ലൊക്കേഷനുകളായ 'പർദ്ദ'യുടെ ഷൂട്ടിംഗ് മെയിൽ ഹൈദരാബാദിൽ പൂർത്തിയായിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്' ആയിരുന്നു ദർശന രാജേന്ദ്രൻ വേഷമിട്ട മുൻ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമ ഒടിടിയിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. അതേസമയം സുരേഷ് ഗോപി നായകനായ ജെ.എസ്.കെ ആയിരുന്നു അനുപമ പരമേശ്വരന്റെ മുൻ മലയാള ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധ്രുവ് വിക്രം ചിത്രം 'ബൈസൺ' ആണ് അനുപമയുടെ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിത്രം.

രോഹിത് കോപ്പുവാണ് 'പർദ്ദ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. വനമാലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്‍ണ പ്രത്യുഷ സ്ക്രിപ്റ്റ് കോര്‍ഡിനേറ്ററാണ്. മൃദുൽ സുജിത് ഛായാഗ്രഹണവും ധർമേന്ദ്ര കകരള എഡിറ്റിഗും നിർവ്വഹിച്ചു. വരുൺ വേണുഗോപാൽ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നു.