ഇന്ത്യൻ ക്രിക്കറ്റര്‍ ജുലാൻ ഗോസ്വാമിയുടെ ജീവിത കഥയാണ് സിനിമയാകുന്നത്.

ഇന്ത്യൻ ക്രിക്കറ്റര്‍ ജുലാൻ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാകുന്നുവെന്ന വാര്‍ത്ത വലിയ പ്രധാന്യം നേടിയതാണ്. അനുഷ്‍ക ശര്‍മയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്. 'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമയെ കുറിച്ച് അനുഷ്‍ക ശര്‍മ തന്നെയായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഇപ്പാഴിതാ 'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് അനുഷ്‍ക ശര്‍മ.

നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസായി എത്താനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രോസിത് റോയ് ആണ്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രതിക ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തന്റെ 'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വിവരം അറിയിച്ചപ്പോള്‍ ജൂലൻ ഗോസ്വാമിക്ക് നന്ദി പറയാനും അനുഷ്‍ക ശര്‍മ മറന്നില്ല.

'രബ് നെ ബന ദി ജോഡി'യിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്‍ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. ബോളിവുഡിലെ ആദ്യ ചിത്രത്തിന് തന്നെ അനുഷ്‍ക ശര്‍മയ്‍ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷൻ ലഭിച്ചിരുന്നു. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു. ഒരിടവേള കഴിഞ്ഞ മികച്ച കഥാപാത്രമായി തിരിച്ചെത്തുകയാണ് അനുഷ്‍ക ശര്‍മ.

ഗോസ്വാമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ജൂലൻ ഗോസ്വാമി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ജൂലൻ ഗോസ്വാമിക്ക് ലഭിച്ചിട്ടുണ്ട്. ഐസിസിയുടെ വനിതാ ഏകദിന ക്രിക്കറ്റിലെ ബൗളിംഗ് റാങ്കിംഗില്‍ ജൂലൻ ഗോസ്വാമി ഒന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.

Read More: മാസായി ചിരഞ്‍ജീവി, 'വാള്‍ട്ടര്‍ വീരയ്യ' ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്