ബാഹുബലിയില്‍ ദേവസേനയായി ശ്രദ്ധേയയായ അനുഷ്‍ക ഷെട്ടിയും  സെയ് റാ നരസിംഹ റെഡ്ഡിയിലുണ്ടെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായി ചിത്രത്തിലുണ്ട്. ബാഹുബലിയില്‍ ദേവസേനയായി ശ്രദ്ധേയയായ അനുഷ്‍ക ഷെട്ടിയും ചിത്രത്തിലുണ്ടെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.

സെയ് റാ നരസിംഹ റെഡ്ഡിയില്‍ റാണി ജാൻസി ലക്ഷ്‍മിഭായ് ആയിട്ടാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്. ബ്രിട്ടിഷുകാര്‍ക്ക് എതിരെ പോരാടാൻ സൈനികര്‍ക്ക് ധൈര്യം പകരാൻ നരസിംഹ റെഡ്ഡിയുടെ കഥ അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രം പറയുന്നതായിട്ടാണ് ചിത്രത്തിന്റെ ആഖ്യാനം എന്നാണ് റിപ്പോര്‍ട്ട്. റാണി ജാൻസി ലക്ഷ്‍മിഭായ് ആയിട്ടുതന്നെയാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് ചിരഞ്ജീവിയും വ്യക്തമാക്കി.

 ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.