മലയാളത്തിലെ വരാനിരിക്കുന്ന സിനിമകളില്‍ പ്രേക്ഷകരുടെ കാത്തിരിപ്പില്‍ ഏറെ മുന്നിലുള്ള അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. വലിയ വിജയമായിരുന്ന 'ഉസ്താദ് ഹോട്ടല്‍' (2012) കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരു ഫീച്ചര്‍ ഫിലിം എത്തുന്നത്. ആന്തോളജി ചിത്രമായിരുന്ന 'അഞ്ച് സുന്ദരികളി'ലെ (2013) ചെറുചിത്രമായിരുന്ന 'ആമി' മാത്രമാണ് ഈ ഇടവേളയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്തത്.

അഭിനയിക്കുന്ന താരങ്ങളുടെയും മറ്റ് സാങ്കേതിക വിഭാഗങ്ങളിലുള്ള പ്രമുഖരുടെയും പേരിനാല്‍ പ്രഖ്യാപനസമയം മുതല്‍ സവിശേഷ ശ്രദ്ധ ലഭിച്ച പ്രോജക്ട് ആണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തില്‍ നസ്രിയയാണ് നായികയാവുന്നത്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങി ഇക്കാലത്തെ ശ്രദ്ധേയ അഭിനേതാക്കളില്‍ മിക്കവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. സംഗീതം നവാഗതനായ ജാക്‌സണ്‍ വിജയന്‍. കന്യാകുമാരി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈയിലും ആംസ്റ്റര്‍ഡാമിലും എല്ലാമായാണ് അന്‍വര്‍ റഷീദ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വിന്‍സെന്റ് വടക്കന്റേതാണ് ചിത്രത്തിന്റെ രചന. ക്രിസ്മസിന് തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെടുന്നു.