കുഞ്ഞനുജത്തിയെക്കുറിച്ച് നടി ആര്യ പാര്‍വതി.
കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായത്. നടനും മോഡലും സംരഭകനുമായ ദിലീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ആരാധകർക്കും വലിയൊരു സർപ്രൈസ് ആയിരുന്നു ആര്യ പാർവതിയുടെ വിവാഹം. ആര്യയുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തി ആദ്യ പാർവതി (പാലു) ആണ് വിവാഹത്തിൽ തിളങ്ങി നിന്ന താരം. ആര്യയുടെ വിവാഹസാരിക്ക് ചേരുന്ന തരത്തിൽ മെറൂൺ നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസുമായിരുന്നു പാലുവിന്റെ വേഷം. വിവാഹച്ചടങ്ങുകളിൽ ഉടനീളം ചേച്ചിക്കൊപ്പം കുഞ്ഞുപാലുവും തിളങ്ങി നിൽക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
ഇപ്പോഴിതാ പാലുവും ദിലീപും തമ്മിലുള്ള ബോണ്ടിങ് വ്യക്തമാക്കുന്ന ചില വീഡിയോകൾ പങ്കുവെച്ചിരിക്കുകയാണ് ആര്യ. പാലുവിനെ എടുത്ത് നടക്കുകയും ചെരുപ്പ് ധരിപ്പിക്കുകയും ഒപ്പം ഓടി കളിക്കുകയും മകളെ പോലെ ഓമനിക്കുകയും ചെയ്യുന്ന ദിലീപിനെ വീഡിയോയിൽ കാണാം. 'ഞാൻ മാനിഫെസ്റ്റ് ചെയ്തതു പോലെയുള്ള ഒരു മുഴുനീള പാക്കേജ്' എന്നാണ് പോസ്റ്റിന് ആര്യ കമന്റ് നൽകിയിരിക്കുന്നത്. ''അളിയനും അളിയനും സെറ്റ് ആയല്ലോ'', ''ചേട്ടച്ഛൻ'', എന്നിങ്ങനെയാണ് പോസ്റ്റിനു താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
ആര്യയ്ക്ക് 24 വയസുള്ളപ്പോഴാണ് അനുജത്തി ജനിച്ചത്. അമ്മയുടെ 47-ാം വയസ്സിൽ ജനിച്ച അനിയത്തിയെ തന്റെ മകളെപ്പോലെയാണ് കാണുന്നതെന്ന് പല അഭിമുഖങ്ങളിലും ആര്യ പറഞ്ഞിട്ടുമുണ്ട്. ഒറ്റക്കുട്ടിയായി വളര്‍ന്നതിന്റെ സങ്കടം മാറിയത് തന്റെ കുഞ്ഞനുജത്തി പാലു വന്നതോടെയാണെന്നും ആര്യ മുൻപ് പറഞ്ഞിരുന്നു. ആര്യയുടെ സോഷ്യൽ മീഡിയ പേജുകളിലെ പ്രധാന ആകർഷണമാണ് പാലു. പുറത്തൊക്കെ പോകുമ്പോൾ താനാണ് പാലുവിന്റെ അമ്മ എന്നു പലരും തെറ്റിദ്ധരിക്കാറുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.
