Asianet News MalayalamAsianet News Malayalam

'വീട്ടിലെത്തിയ ഫീൽ'; 'മഹേഷിന്‍റെ പ്രതികാര'ത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ സിനിമയിൽ എത്തിയതിനെ കുറിച്ച് അപർണ

"ഏറെ തീവ്രമായ അഭിനയമുഹൂർത്തങ്ങളുള്ള കഥാപാത്രമാണ് തങ്കത്തിലേത്"

aparna balamurali about acting in bhavana studios movie thankam after maheshinte prathikaram
Author
First Published Jan 22, 2023, 12:18 PM IST

സിനിമാപ്രേമികള്‍ ഒന്നാകെ നെഞ്ചേറ്റിയ 'മഹേഷിന്‍റെ പ്രതികാര'ത്തിലൂടെ മലയാള സിനിമാ ലോകത്ത് നായികാ നിരയിലേക്ക് കടന്നുവന്നയാളാണ് നടി അപർണ ബാലമുരളി. ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തെ ഏറെ മികച്ച രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ കയറുകയുണ്ടായി അപർണ. അതിന് പിന്നാലെ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അപർണയെ തേടിയെത്തി. പോയ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സൂര്യ നായകനായ 'സുരറൈ പോട്രി'ലെ ബൊമ്മി എന്ന വേഷം അവതരിപ്പിച്ച് അപർണ സ്വന്തമാക്കുകയുണ്ടായി. ഇപ്പോഴിതാ ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ സിനിമയായ 'തങ്ക'ത്തിലെ നായികയായി എത്തിയതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അപർണ.

ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലെ 'തങ്കം' ടോക് ഷോയിലാണ് അപർണ ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്. ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ വീണ്ടും ഭാവന സ്റ്റുഡിയോസിന്‍റെ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ വീട്ടിലേക്ക് വന്നൊരു അനുഭവമാണെന്നായിരുന്നു അപർണ പറഞ്ഞത്. 'ഏറെ തീവ്രമായ അഭിനയമുഹൂർത്തങ്ങളുള്ള കഥാപാത്രമാണ് തങ്കത്തിലേത്. ശ്യാമേട്ടൻ സ്ക്രിപ്റ്റ് പറഞ്ഞുതരുമ്പോൾ തന്നെ കുറേയേറെ വികാരവിചാരങ്ങൾ മനസ്സിലേക്ക് എത്തിയിരുന്നു. ഭയങ്കര വെല്ലുവിളി നിറഞ്ഞ വേഷമായാണ് വ്യക്തിപരമായി എനിക്ക് തോന്നിയത്', അപർണയുടെ വാക്കുകള്‍.

ALSO READ : ഇന്ത്യന്‍ റിലീസ് 4500 സ്ക്രീനുകളില്‍? ആദ്യ ദിനം 'പഠാന്‍' നേടുക റെക്കോര്‍ഡ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകള്‍

മഹേഷിന്‍റെ ഓഡിഷന് വന്നപ്പോൾ മുതൽ അപർണയെ താൻ കാണുന്നതാണെന്നും നടി എന്ന നിലയിലുള്ള അവരുടെ വളർച്ച ഏറെ ജിജ്ഞാസയോടെ നോക്കുന്നൊരാളാണ് താനെന്നും ശ്യാം പുഷ്കരനും ടോക് ഷോയിൽ പറഞ്ഞു. 'തങ്കത്തിൽ നെടുനീളൻ റോളല്ല, സ്ക്രീൻ സ്പേസ് കുറവുള്ള വേഷമാണ് അപർണയ്ക്കുള്ളത്, എങ്കിലും പ്രാധാന്യമുള്ളതാണ്. മഹേഷിന്‍റെ പ്രതികാരത്തിൽ വന്നപ്പോഴുള്ള അപർണയല്ല ഇപ്പോഴുള്ളത്, അപർണയ്ക്ക് സ്വിച്ചിട്ടപ്പോലെ ഏറെ തീവ്രമായ കഥാപാത്രങ്ങളുടെയും ആഴങ്ങളിലേക്ക് ഇറങ്ങാനാകുന്നുണ്ട്, പെട്ടെന്ന് സാധിക്കുന്നയൊന്നല്ലത്, അനുഭവം കൊണ്ടേ അത് പറ്റൂ', ശ്യാം പറയുകയുണ്ടായി.

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് 'തങ്ക'ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്ത് ആണ്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നതെന്നതും പ്രത്യേകതയാണ്.

ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ക്യാമറ, ബിജി ബാല്‍ ആണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.

ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.

Follow Us:
Download App:
  • android
  • ios