സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂരരൈ പൊട്രുവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച സിനിമയാണ് സൂരരൈ പൊട്രുവെന്ന് കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ സൂര്യയെയും മലയാളി താരം അപര്‍ണ ബാലമുരളിയെയുമാണ് ആരാധകര്‍ അഭിനന്ദിക്കുന്നത്. സൂര്യയും അപര്‍ണ ബാലമുരളിയും സിനിമയുടെ ആകര്‍ഷണങ്ങളായി മാറുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സൂരരൈ പൊട്രുവിലെ ബൊമ്മിയെന്ന് അപര്‍ണ ബാലമുരളി ഇന്ത്യ ടുഡെയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

യഥാര്‍ഥത്തില്‍ തമിഴില്‍ മികച്ച കഥാപാത്രം ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു. സൂരരൈ പൊട്രു രണ്ടു വര്‍ഷമെടുത്തു. അതുകൊണ്ടുതന്നെ കൂടുതല്‍ സിനിമകളില്‍ ഒപ്പിട്ടില്ല. സംവിധായകര്‍ സൂരരൈ പൊട്രു കാണണമെന്നും എനിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങള്‍ മനസിലാക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് തന്നെത്തന്നെ തെളിയിക്കാൻ കഥാപാത്രം ആവശ്യമായിരുന്നുവെന്നും അപര്‍ണ ബാലമുരളി പറയുന്നു.

ഞാൻ ചെയ്‍ത രംഗങ്ങള്‍ ഏതെങ്കിലും സംവിധായികയെ സന്തോഷിപ്പിച്ചുണ്ടെങ്കില്‍ സൂര്യ സർ ആയിരുന്നു ഒപ്പം അഭിനയിക്കാൻ ഉണ്ടായിരുന്നത് എന്നതുകൊണ്ടാണ്. അദ്ദേഹം ഒരു നല്ല വ്യക്തിയാണ്, ഒപ്പം അഭിനയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ആളാണ്. അങ്ങനെയാണ് എനിക്ക് മികച്ചതായി ചെയ്യാൻ കഴിഞ്ഞത്. മധുര ഭാഷയിൽ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സഹതാരങ്ങളോടുള്ള സൂര്യ സാറിന്റെ പെരുമാറ്റം പ്രചോദനമാണ് എന്നും അപര്‍ണ ബാലമുരളി പറയുന്നു.

എഴുത്തുകാരനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സൂരര്രൈ പൊട്രു ഒരുക്കിയത്. ബൊമ്മി എന്ന കഥാപാത്രമായി അപര്‍ണ ബാലമുരളിയുടെ അഭിനയം മികച്ചതായിരുന്നുവെന്ന് സിനിമ കണ്ട ജി ആര്‍ ഗോപിനാഥും പറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ വൻ തിരിച്ചുവാണ് സൂരരൈ പൊട്രു എന്ന ചിത്രം. ഒപ്പം തമിഴകത്ത് അപര്‍ണ ബാലമുരളിയേയും ശ്രദ്ധേയമാക്കുന്ന ചിത്രവും.