എന്‍റെ നമ്പർ ജൂഡ് ചേട്ടന്റെ കയ്യിലുണ്ടെന്നും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വാങ്ങിക്കോളൂ എന്നുമായിരുന്നു അപര്‍ണ മറുപടി നല്‍കിയത്. പിന്നാലെ ബാബു ജോസഫിന്‍റെ സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ടുകൾ ജൂഡിന് കൈമാറാനും അപര്‍ണ മറന്നില്ല

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ പലതരത്തിലുമുള്ള തട്ടിപ്പുകള്‍ നടക്കാറുണ്ട്. സിനിമാ മേഖലയിലും ഇത്തരം തട്ടിപ്പ് വ്യാപകമാണ്. അത്തരത്തിലൊരു സംഭവമാണ് നടി അപര്‍ണ ബാലമുരളി കയ്യോടെ പിടിച്ചത്. സംവിധായകൻ ജൂഡ് ആന്‍റണിയുടെ അസിസ്റ്റന്റ് എന്ന പേരിൽ അപർണയെ പറ്റിക്കാന്‍ ശ്രമിച്ചയാളാണ് പിടിക്കപ്പെട്ടത്.

സംഭവം ഇങ്ങനെ

ബാബു ജോസഫ് എന്ന പേരിലുളള ജി മെയില്‍ അക്കൗണ്ടിൽ നിന്നായിരുന്നു നടി അപര്‍ണയെ പറ്റിക്കാന്‍ ശ്രമം നടന്നത്. സംവിധായകൻ ജൂഡിന്‍റെ അസിസ്റ്റന്റ് ആണെന്നും ജൂഡ് പുതിയൊരു ചിത്രം ചെയ്യുകയാണെന്നും ഇയാള്‍ സന്ദേശം അയച്ചു. ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യാന്‍ അപർണ അനുയോജ്യയാണെന്നും അതിനായി ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ വേണമെന്നുമായിരുന്നു ബാബു ജോസഫ് മെയിലിലൂടെ അറിയിച്ചത്. ഫോണ്‍ നമ്പറിനായി അമ്മയിൽ അന്വേഷിച്ചപ്പോള്‍ സംഘടനയിൽ അംഗമല്ലെന്നാണ് പറഞ്ഞതെന്നും അതിനാല്‍ ഫോൺ നമ്പർ മെയിൽ ചെയ്യണമെന്നും അപര്‍ണയോട് ഇയാള്‍ ആവശ്യപ്പെട്ടു.

എന്‍റെ നമ്പർ ജൂഡ് ചേട്ടന്റെ കയ്യിലുണ്ടെന്നും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വാങ്ങിക്കോളൂ എന്നുമായിരുന്നു അപര്‍ണ മറുപടി നല്‍കിയത്. പിന്നാലെ ബാബു ജോസഫിന്‍റെ സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ടുകൾ ജൂഡിന് കൈമാറാനും അപര്‍ണ മറന്നില്ല. ഇതിനുപിന്നാലെയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ആരും അവസരം നല്‍കരുതെന്ന് വ്യക്തമാക്കി സംവിധായകന്‍ ജൂഡ് രംഗത്തെത്തിയത്.

'എന്റെ അസിസ്റ്റന്റ് എന്ന പേരില്‍ വ്യാജ ഈ- മെയിലുകൾ അയക്കുന്ന ഒരു കള്ളൻ ഇറങ്ങിയിട്ടുണ്ട്. എനിക്ക് ഇങ്ങനെയാരു സംവിധാന സഹായി ഇല്ല. ഇത്തരത്തിലുളള സംഭവങ്ങൾ ഇനിയും ഉണ്ടായാൽ തന്നെ നേരിട്ട് അറിയിക്കണം' ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.