അലന്‍സിയറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

സണ്ണി വെയ്‍ന്‍ (Sunny Wayne) നായകനാവുന്ന 'അപ്പന്‍' (Appan) എന്ന സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയായി. നേരത്തെ 'ഫ്രഞ്ച് വിപ്ലവം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മജു സംവിധാനം ചെയ്യുന്ന ചിത്രം ഡാര്‍ഡ് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന

ജയസൂര്യ നായകനായ 'വെള്ള'ത്തിന്‍റെ നിര്‍മ്മാതാക്കളായ ജോസ്‍കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളിയാണ്. അലൻസിയർ, അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്‍ണ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു മലയോര പ്രദേശത്ത് ജീവിക്കുന്ന കുടുംബത്തിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴ ആയിരുന്നു. 

സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പപ്പുവാണ് ഛായാഗ്രഹണം. സംഗീതം ഡോണ്‍ വിന്‍സെന്‍റ്, എഡിറ്റിംഗ് കിരണ്‍ ദാസ്, വരികള്‍ അന്‍വര്‍ അലി, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍. സണ്ണി വെയ്‍നിന്‍റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമായിരിക്കും 'അപ്പനി'ലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.