മുംബൈ: ബുര്‍ഖയെ ചൊല്ലി ഖദീജ റഹ്മാനും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിനും തമ്മിലുള്ള വിവാദത്തില്‍ പ്രതികരണവുമായി എ ആര്‍ റഹ്മാന്‍. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന്‍ പറഞ്ഞു.

'നല്ലതും ചീത്തയും മനസ്സിലാക്കാന്‍ എന്റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. ഖദീജയുടെ വേഷം ഒരു മതവസ്ത്രം എന്നതിനപ്പുറം അവളുടെ തെരഞ്ഞെടുപ്പാണ്. അത് ധരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്.' - റഹ്മാന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Read Also: എ ആര്‍ റഹ്മാന്‍റെ മകളെ ബുര്‍ഖയിട്ട് കാണുമ്പോള്‍ വീര്‍പ്പുമുട്ടലെന്ന് തസ്ലിമ നസ്രിന്‍; മറുപടിയുമായി ഖദീജ

ബുര്‍ഖ ധരിച്ച എ.ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടും എന്നായിരുന്നു തസ്ലീമ പറഞ്ഞിരുന്നത്. 'വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന്  വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്ന് തസ്ലിമ നസ്റിന്‍ അഭിപ്രായപ്പെട്ടു. ഞാന്‍ എആര്‍ റഹ്മാന്‍റെ സംഗീതം ഇഷ്ടപ്പെടുന്നു. പക്ഷേ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്‍റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന്  വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വല്ലാതെ വിഷമമുണ്ടാക്കുന്നു'- എന്നായിരുന്നു തസ്ലിമ ട്വീറ്റ് ചെയ്തത്. ഖദീജയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്. 

ഇതിന് മറുപടിയുമായി ഖദീജയും രംഗത്തെത്തിയിരുന്നു. കാര്‍സന്‍ കോല്‍ഹോഫിന്‍റെ കവിത ഉദ്ധരിച്ചായിരുന്നു ഖദീജയുടെ മറുപടി. തന്നെ കണ്ട് ആര്‍ക്കെങ്കിലും വീര്‍പ്പുമുട്ടലുണ്ടെങ്കില്‍ പുറത്തിറങ്ങി കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നും ഖദീജ പറഞ്ഞിരുന്നു.