അർജുൻ സർജ നായകനായ തമിഴ് ചിത്രം 'ബ്ലാസ്റ്റ്' വലിയ വിജയം നേടുകയാണ്. എന്നാൽ, സിനിമയുടെ പ്രധാന രംഗങ്ങളും ട്വിസ്റ്റുകളും തിയേറ്ററിൽ നിന്ന് റെക്കോർഡ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപ് വലിയ അലയൊലികളോ, പ്രതീക്ഷകളോ ഒന്നും തന്നെ സൃഷ്ടിക്കാറില്ല. ഒപ്പം അവകാശവാദങ്ങളും. അങ്ങനെ എത്തുന്ന സിനിമകൾ തിയറ്ററുകളിൽ വൻ വിജയം നേടുന്ന കാഴ്ചയാണ് സമീപകാലത്തായി കാണാൻ സാധിച്ചിട്ടുള്ളത്. പ്രത്യേകിച്ച് തമിഴ് സിനിമയിൽ. അക്കൂട്ടത്തിലേക്കെത്തിയ പുതിയ എൻട്രിയാണ് ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രം. ആക്ഷൻ കിം​ഗ് അർജുൻ സർജ നായകനായി എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം ബോക്സ് ഓഫീസിലും ബ്ലാസ്റ്റ് വെന്നിക്കൊടി പാറിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ സിനിമയുടെ ട്വിസ്റ്റുകൾ ഉൾപ്പടെയുള്ള സീനുകൾ ഇൻസ്റ്റാ​ഗ്രാമിൽ പ്രചരിക്കുകയാണ് ഇപ്പോൾ. അർജുൻ സർജയുടെ ഇൻട്രൊഡക്ഷൻ സീൻസ്, ഫാമിലി ഫൈറ്റ്സ് തുടങ്ങി എല്ലാം ഇൻസ്റ്റാ​ഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല വീഡിയോകൾക്കും മില്യൺ കണക്കിന് വ്യൂവ്സ് ആണ് ലഭിച്ചിരിക്കുന്നത്.

'ഇതൊരിക്കലും സ്പൊയ്ലർ പോസ്റ്റ് അല്ല. പ്രൊമോഷൻ ആണെ'ന്ന് പറഞ്ഞാണ് പല പേജുകളും തിയറ്ററിൽ നിന്നും റെക്കോർഡ് ചെയ്ത സീനുകൾ പങ്കിട്ടിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് വിമർശനം ഉന്നയിച്ച് രം​ഗത്ത് എത്തിയിരിക്കുന്നത്. ഇതിലും ഭേദം മുഴുവൻ സിനിമയും അപ്ലോഡ് ചെയ്യുന്നതാണെന്നും ജനങ്ങളുടെ സിനിമാസ്വാദനം നശിപ്പിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും ഇവർ കമന്റ് ചെയ്യുന്നു. ഇതൊന്നും അണിയറപ്രവർത്തകർ കാണുന്നില്ലേ എന്നും ഇവർ ചോദ്യം ഉന്നയിക്കുന്നുണ്ട്.

നേരത്തെയും ഇത്തരത്തിൽ പ്രധാന രം​ഗങ്ങൾ ഉൾപ്പെടുന്ന തിയറ്റർ റെക്കോർഡുകൾ ഇൻസ്റ്റാ​ഗ്രാമിൽ വന്നിട്ടുണ്ട്. നേരത്തെ മലയാള ചിത്രങ്ങളായ വാഴ 2, അതിരടി തുടങ്ങി സിനിമകൾ തിയറ്ററിൽ ആയിരുന്നപ്പോൾ ഓരോ ക്ലിപ്പുകളായി ഇൻസ്റ്റാ​ഗ്രാമിൽ വന്നിരുന്നു. അതും അതിഥി വേഷങ്ങൾ ഉൾപ്പടെയുള്ള സീനുകൾ. സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാസ്റ്റ്. അർജുൻ സർജയ്ക്കൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി, അർജുൻ, ദിലീപൻ, പവൻ തുടങ്ങി നിരവധി പേർ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. മെയ് 28ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 30 കോടിയിലധികം രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming