മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ആരാധകരെ അറിയിക്കുന്ന അനുശ്രീ സഹോദരനുമൊത്തുള്ള ഒരു ഫോട്ടോ അടുത്തിടെ പങ്കുവച്ചിരുന്നു. ചിലര്‍ അതിനെ മോശമായി കണ്ട് വിമര്‍ശിച്ചു. വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അനുശ്രീ രംഗത്ത് എത്തുകയും ചെയ്‍തു.  ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓർക്കണ്ടേ എന്നാണ് അനുശ്രീ പറഞ്ഞത്.

എല്ലാവരും വീട്ടിലായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് നാളുകൾക്കു ശേഷം എല്ലാവർക്കും കുടുംബത്തോടൊപ്പം വീട്ടിലിരിക്കാൻ പറ്റിയ സമയമാണ് ഇപ്പോൾ കടന്നുപോകുന്നത്. വളരെ നാളുകൾക്കു ശേഷമാണ് ഞാനും ഇത്ര അധികം ദിവസം വീട്ടിലിരിക്കുന്നത്. വീട്ടിലിരുന്ന് കുറച്ച് ജോലികളൊക്കെ ചെയ്യാൻ സാധിച്ചു. അല്ലെങ്കിൽ അമ്മയാണ് ഇതൊക്കെ ചെയ്‍തുകൊണ്ടിരുന്നതെന്ന് അനുശ്രീ പറയുന്നു.

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക എന്നത് എല്ലാവരും പറയുന്ന കാര്യമാണ്. അതുമായി ബന്ധപ്പെട്ട് എന്റെ മനസ്സ് വേദനിച്ച ഒരു കാര്യം പറയാനാണ് ഞാൻ ലൈവിൽ വന്നത്. അഭിനേതാക്കൾ ഉൾപ്പടെ ഉള്ള എല്ലാവരും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കാരണം അവർക്കും ഷൂട്ട് ഒന്നുമില്ല. എല്ലാവരും വീട്ടിൽ എന്തുചെയ്യുന്നു എന്ന് അറിയാൻ ആഗ്രഹമുള്ള ഒരുപാട് പേരുണ്ടെന്ന് അനുശ്രീ പറയുന്നു.

അവർക്കു കാണുവാനും മറ്റുമാണ് ഇതുപോലുള്ള സോഷ്യൽമീഡിയ പോസ്റ്റുകൾ ചെയ്യുന്നത് തന്നെ. കാരണം അവരെ ഇഷ്ടപ്പെടുന്നവർക്ക് ഫോട്ടോയിലൂടെ അല്ലെങ്കിൽ വിഡിയോയിലൂടെ കാണാനുള്ള അവസരം കൂടിയാണ്. അതിനുള്ള വഴി സോഷ്യൽമീഡിയ തന്നെയാണ്. ആൾക്കാർക്ക് കണ്ണുതുറന്ന് കാണാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് കാണിക്കാറുള്ളൂവെന്ന് അനുശ്രീ പറയുന്നു.

കഴിഞ്ഞ ദിവസം ചേട്ടൻ എന്റെ തലയിൽ ക്രീം ചെയ്യുന്നതിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്‍തിരുന്നു. എല്ലാ േചട്ടന്മാരും അനിയത്തിമാർക്ക് തലയിൽ എണ്ണ തേച്ചുകൊടുക്കാറുണ്ട്. അങ്ങനെ വളർന്നുവന്ന ആളാണ് ഞാൻ. ജനിച്ചപ്പോഴെ സിനിമാ നടിയായി വന്നതല്ല. ആങ്ങളമാർ ഉള്ള പെങ്ങൾക്കും പെങ്ങന്മാരുള്ള ആങ്ങളയ്ക്കും അറിയാവുന്ന കാര്യമാണ്. കുറേ ആളുകൾ വിഡിയോ കാണുന്നതിനു കാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാകാമെന്ന് അനുശ്രീ പറയുന്നു.

ഞങ്ങൾ അങ്ങനെ ചെയ്‍തുകൊണ്ടിരുന്നപ്പോൾ ഒരു ഫോട്ടോ എടുത്തു. പിന്നീട് അത് ഫോണിൽ കണ്ടപ്പോൾ ഒരുപാട് ഇഷ്‍ടമായി. അങ്ങനെയാണ് പേജിൽ പോസ്റ്റ് ചെയ്യുന്നത്. അതിൽ വന്ന കുറച്ച് മെസേജുകൾ എനിക്കൊട്ടും ഇഷ്‍ടപ്പെട്ടില്ല. വേദനിപ്പിച്ചെന്നും പറയാൻ പറ്റില്ല. ആങ്ങളയും പെങ്ങളും അല്ലേ എന്ന് വിചാരിച്ചെങ്കിലും ആളുകൾ മിണ്ടാതിരിക്കണം. ഇഷ്‍ടപ്പെട്ടില്ലെങ്കിൽ എന്തിനാണ് ആവശ്യമില്ലാത്ത വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത്. ഇഷ്‍ടപ്പെടാത്ത കുറച്ച് ആളുകൾക്ക് നേരിട്ട് മെസേജ് അയക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവിലൂടെ മറുപടി പറയാമെന്ന് വിചാരിച്ചതെന്നും അനുശ്രീ പറയുന്നു.

ഒരാളുടെ കമന്റ് ഇങ്ങനെ, ‘അനിയത്തി പൈസ ഉണ്ടാക്കുന്നു, ചേട്ടന് അവിടെ നിന്നും പൈസ ലഭിക്കുന്നു.’ ഇതിനുള്ള മറുപടി പറയാം. ഞാൻ കഷ്‍ടപ്പെട്ടുണ്ടാക്കുന്ന പൈസ ചേട്ടന് നൽകുന്നതിൽ എന്താണ് പ്രശ്‍നം. ഇവിടെ ചേട്ടൻ അനിയത്തി എന്നതിലുപരി ഞങ്ങൾ ഒരു കുടുംബമാണ്. അതിൽ അച്ഛൻ അമ്മ എല്ലാവരും ചേരുന്നതാണ്. അതിൽ ഓരോരുത്തരുടെ പൈസ എന്ന വ്യത്യാസമില്ല. എന്റെ ചേട്ടന് ജോലിയുണ്ട്. പൈസ ഉണ്ടാക്കുന്നുമുണ്ട്. ഇനി ഇല്ലെങ്കിൽ ഞാൻ കൊടുക്കും. എനിക്ക് പൈസ ഇല്ലെങ്കിൽ എന്റെ ചേട്ടൻ തരും. തങ്ങളുടെ വീട്ടിൽ അങ്ങനെയൊരു സംസ്‍കാരം ഇല്ലാത്തതുകൊണ്ടാകാം ഇങ്ങനെ തോന്നിയതെന്ന് അനുശ്രീ പറയുന്നു.

ഇവളെപ്പോലെ ഓവർ ആക്ടിങ് കൊണ്ട് വെറുപ്പിക്കുന്ന വേറൊരു നടി സിനിമയിലില്ല. ജീവിതത്തിലും അങ്ങനെയാണെന്നു തോന്നുന്നു- മറ്റൊരാളുടെ കമന്റ്. ഇത് ചിലപ്പോൾ ശരിയായിരിക്കാം. കഴിഞ്ഞ മെയ് നാലിന് ഞാന്‍ സിനിമയിൽ വന്നിട്ടു എട്ടു വർഷമായി. ആ എട്ടു വർഷത്തിനിടയിൽ പല സംവിധായകർക്കും മനസിലായി കാണും ഞാൻ ഓവർ ആക്ടിങ് ചെയ്യുന്ന ആളാണെന്ന്. ആ ഓവർ ആക്ടിങ് കൊടുക്കേണ്ട കഥാപാത്രം ആയതുകൊണ്ടാകാം അവർ സിനിമയിലേക്ക് വിളിച്ചിട്ടുള്ളതും. കാരണം ഒരു സംവിധായകന് എന്താണ് വേണ്ടത്, അതാണ് ആ കഥാപാത്രത്തിനു വേണ്ടി ഞാൻ ചെയ്‍തത്. പക്ഷേ ജീവിതത്തിൽ ഞാൻ ഓവർ ആക്ടിങ് ആണെന്നു പറയാൻ നമ്മൾ തമ്മിൽ പരിചയമില്ലല്ലോ? അതുകൊണ്ട് ഇത് ഓർത്ത് വിഷമിക്കേണ്ട. അതിനു വേണ്ടി ഇങ്ങനെയൊരു ഫോട്ടോ എടുക്കേണ്ട ആവശ്യവും ഇല്ലെന്ന് അനുശ്രീ പറയുന്നു.

പോടീ പെണ്ണേ ഇതിലും വലിയ കാര്യങ്ങൾ ചെയ്യുന്ന ആങ്ങളമാരുണ്ട്, നിന്നെ കെട്ടിച്ചുവിടാൻ പറ ആങ്ങളയോട്–ഇതാണ് ഒരു ചേച്ചിയുടെ കമന്റ്. ഇതിലും വലിയ കാര്യങ്ങൾ ചെയ്യുന്ന ആങ്ങളമാർ ഉണ്ടാകാം. എന്റെ അണ്ണൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്യാൻ പറ്റുമോ?. എനിക്ക് രസമുണ്ടെന്ന് തോന്നുന്ന, ആളുകൾ കണ്ടാൽ കുഴപ്പമില്ലെന്നു തോന്നുന്ന കാര്യങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. പിന്നെ എന്നെ െകട്ടിച്ചുവിടാൻ സമയമാകുമ്പോൾ അച്ഛനും അമ്മയും ഏട്ടനും കെട്ടിച്ചുവിട്ടോളും. ഇനി കെട്ടിയില്ലെങ്കിൽ പോലും എന്റെ വീട്ടില്‍ നിൽക്കുമ്പോൾ ഒരു കണക്കും പറയാതെ നോക്കാൻ വീട്ടുകാർക്കു പറ്റും. അതുകൊണ്ട് ചേച്ചി ടെൻഷൻ അടിക്കേണ്ട. ഞാൻ ചേച്ചിയുടെ വീട്ടിലേക്കും വരുന്നില്ലെന്ന് അനുശ്രീ പറയുന്നു.

ചിലർക്ക് എന്നെ കെട്ടിച്ചുവിടാൻ ഭയങ്കര താൽപര്യമാണ്. കെട്ടിക്കഴിഞ്ഞാൽ പിന്നെ ഇവർ തന്നെ ചോദിക്കും വിവാഹമോചനം എപ്പോളാണെന്ന്. അതുകൊണ്ട് തൽക്കാലം ഇവിടെ തന്നെ നിന്നോട്ടെയെന്ന് അനുശ്രീ പറയുന്നു.

വേറൊരാളുടെ മെസേജ് ഉണ്ട്. അത് നിങ്ങളുടെ മുന്നിൽ പറയാൻ കൊള്ളാത്തതാണ്. ഇദ്ദേഹത്തിന്റെ നമ്പര്‍ കിട്ടിയിരുന്നെങ്കിൽ അങ്ങോട്ട് വിളിച്ച് മറുപടി പറയാമായിരുന്നു. ഇയാളോട് പ്രത്യേകിച്ചൊന്നും പറയാനില്ല. അവരുടെ വീട്ടിലും അമ്മയും പെങ്ങളും ഒക്കെ ഉണ്ടാകും. അവർക്കൊക്കെ ഉള്ള സംഭവം തന്നെയാണ് പെണ്ണെന്നുള്ള രീതിയിൽ എനിക്കും തന്ന് സൃഷ്‍ടിച്ച് വിട്ടിരിക്കുന്നത്. അവരോടൊക്കെ അതൊന്ന് ചോദിച്ച് നോക്കിയാൽ മനസിലാകുമെന്ന് അനുശ്രീ പറയുന്നു.

ആങ്ങളയും പെങ്ങളും അത്രയും സ്നേഹത്തോടെ ജീവിച്ച് വളർന്നവർ ഇതുപോലെയുള്ള കമന്റുകൾ പറയില്ല. മോശം മെസേജുകൾ കണ്ട് വിഷമം വന്നതുകൊണ്ടാണ് പെട്ടന്നു തന്നെ ലൈവിൽ വന്ന് മറുപടി പറയാൻ തീരുമാനിച്ചത്. അല്ലെങ്കിൽ അതൊരു മനപ്രയാസമായേനെ. എന്തിനാണ് വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നത്. അതൊരു ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓർക്കണ്ടേ. എന്റെ ചേട്ടൻ തലയിൽ ഒരു ക്രീം ഇട്ടു തരുന്നതിന് എന്താണ് ഇത്ര നെഗറ്റീവ്. ചേട്ടനെക്കുറിച്ച് മോശം പറയുന്നത് ഇഷ്‍ടമല്ല. കുടുംബത്തുള്ളവരെക്കുറിച്ച് വെറുതെ അങ്ങനെ ചീത്ത പറയരുത്. നിങ്ങൾ എന്നെചീത്ത പറഞ്ഞോളൂവെന്നും അനുശ്രീ പറയുന്നു.