നേരത്തെ കെ കരുണാകരന്‍  മരിച്ചപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്നത് കോട്ടയം നസീർ അവസാനിപ്പിച്ചിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോ​ഗം ഉൾക്കൊള്ളാനാകാതെ കേരളക്കര. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചും ഓർമകൾ പങ്കുവച്ചും രംഗത്തെത്തുന്നത്. നിരവധി കലാകാരന്മാർ ഉമ്മൻ ചാണ്ടിയുടെ ശബ്ദം ടിവി ഷോകളിലും മറ്റും അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ അനുകരിക്കുന്നതിൽ കോട്ടയം നസീറിനോളം പെർഫക്ട് ആയ മറ്റൊരാൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. എന്നാൽ ഇനി മുതൽ ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിക്കുന്നില്ലെന്ന് പറയുകയാണ് കോട്ടയം നസീർ. 

നേരത്തെ കെ കരുണാകരന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്നത് കോട്ടയം നസീർ അവസാനിപ്പിച്ചിരുന്നു. അതുപോലെ ഇനി ഉമ്മന്‍ ചാണ്ടിയെയും താൻ അനുകരിക്കില്ലെന്ന് കോട്ടയം നസീർ പറഞ്ഞു. മുൻ മുഖ്യമന്ത്രിയെ അനുശോചിച്ച് കൊണ്ട് മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നസീർ ഇക്കാര്യം പറഞ്ഞത്. 

കോട്ടയം നസീറിന്റെ വാക്കുകൾ

അദ്ദേഹത്തെ പോലൊരു ജനകീയ നേതാവിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായേ നമുക്ക് കിട്ടാറുള്ളൂ. രാഷ്ട്രീയ എതിരാളികളോട് പോലും സൗമ്യമായി സംസാരിക്കുന്ന അദ്ദേഹത്തെ പോലൊരു നേതാവിനെ കണ്ടുകിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ അനുകരിക്കുന്ന ഒരു കലാകാരനെന്ന നിലയില്‍ എന്നോടൊക്കെ കാണിക്കുന്ന സ്നേഹവും എനിക്ക് തന്നിട്ടുള്ള അംഗീകാരവുമമൊക്കെ വളരെ വിലപ്പെട്ടതാണ്. അദ്ദേഹത്തെ അനുകരിക്കുന്നവരില്‍ ഏറ്റവും ഇഷ്ടപ്പെട്ട കലാകാര്‍ ഞാനായിരുന്നു എന്നാണ് ഒരു ചാനല്‍ ഷോയിൽ അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞത്. അനുകരണവും അനുകരണത്തിലെ വിമര്‍ശനവുമെല്ലാം പൊസിറ്റീവായ രീതിയില്‍ ആയിരുന്നു അദ്ദേഹം എടുത്തിരുന്നത്. എന്‍റെ പിതാവ് മരണപ്പെട്ട സമയത്ത് കേട്ടറിഞ്ഞ് ഇവിടെ വരികയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കൂടെപ്പിറപ്പിനെ പോലെ ആയിരുന്നു അദ്ദേഹം. 

അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന സമയത്ത് കറുകച്ചാലില്‍ ഒരു പരിപാടിയില്‍ അദ്ദേഹം വരാന്‍ വൈകിയപ്പോള്‍ എന്നോട് എന്തെങ്കിലും മിമിക്രി കാണിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ അനുകരിച്ച് കൊണ്ടിരിക്കുമ്പോഴാാണ് അദ്ദേഹം വേദിയില്‍ വരുന്നത്. പെട്ടെന്ന് ഞാന്‍ അനുകരണം നിര്‍ത്തി. എന്നെയും അദ്ദേഹത്തെയും ഒരുമിച്ച് കണ്ടപ്പോള്‍ നാട്ടുകാരൊക്കെ ഭയങ്കര ചിരിയും കയ്യടിയും ആയിരുന്നു. അദ്ദേഹം സ്റ്റേജിലേക്ക് വന്ന് തോളില്‍ തട്ടി ഞാന്‍ വരാന്‍ വൈകിയപ്പോള്‍ എന്‍റെ ഗ്യാപ്പ് നികത്തിയല്ലേ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ അനുകരിക്കുന്നതില്‍ ഒരിക്കലും അദ്ദേഹത്തിന് വിഷമം തോന്നിയിട്ടില്ല. 

ഇനി അദ്ദേഹത്തെ ഞാന്‍ അനുകരിക്കുന്നത് കാണാൻ ആര്‍ക്കും കഴിയില്ല. ആ അനുകരണം ഞാന്‍ അവസാനിപ്പിക്കുക ആണ്. നേരത്തെ കെ കരുണാകരന്‍ സാർ മരിച്ചപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്നതും ഞാന്‍ അവസാനിപ്പിച്ചിരുന്നു. അതുപോലെ ഇനി ഉമ്മന്‍ ചാണ്ടി സാറിനെയും ഞാന്‍ അനുകരിക്കില്ല. 

വീനസ് ഗ്രൂപ്പ് ചലച്ചിത്ര മേഖലയിലേക്ക്; ബിഗ് ബോസ് ഫെയിം സൂര്യയുടെ 'നറുമുഗൈ' ആദ്യ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News