ബിജെപി സംഘടനയില്‍ അടുത്തിടെയുണ്ടായ വലിയൊരു നിയമനമായിരുന്നു എ പി അബ്‍ദുള്ളകുട്ടിയുടേത്. ദേശീയ വൈസ് പ്രസിഡന്റായിട്ടാണ് അബ്‍ദുള്ളകുട്ടിയെ നിയമിച്ചത്. ബിജെപി സംസ്ഥാന ഘടകത്തില്‍ അതില്‍ അതൃപ്‍തിയുണ്ടായിരുന്നു. സംസ്ഥാനത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന ലഭിച്ചില്ല എന്നായിരുന്നു പരാതി. സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടല്ലായിരുന്നു അബ്‍ദുള്ളകുട്ടിയുടെ നിയമനം എന്നും വാര്‍ത്ത വന്നു. ഇപ്പോള്‍ അബ്‍ദുള്ളകുട്ടിയെ അനുമോദിക്കുകയാണ് നടൻ കൃഷ്‍ണകുമാര്‍.

ബിജെപിയുടെ പുതിയ നാഷണൽ വൈസ്  പ്രസിഡന്റ്‌ ശ്രി അബ്‍ദുള്ള കുട്ടിയെ ഇന്ന് തിരുവനന്തപുരത്തു വെച്ച് കണ്ട് അനുമോദിച്ചു.  അബ്‍ദുള്ളകുട്ടിക്ക്  എന്റെയും എന്റെ കുടുംബത്തിൻെറയും ആശംസകൾ എന്നും കൃഷ്‍ണകുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു. കൃഷ്‍ണകുമാറിന്റെ ഫോട്ടോയ്‍ക്ക് ഒട്ടേറെ ആരാധകരാണ് കമന്റുകള്‍ എഴുതിയിരിക്കുന്നത്. അബ്‍ദുള്ളകുട്ടിയെ വിമര്‍ശിക്കുന്നവരും അഭിനന്ദിക്കുന്നവരുമുണ്ട്. അബ്‍ദുള്ളകുട്ടിക്ക് ഒപ്പമുള്ള ഫോട്ടോയാണ് കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൂച്ചെണ്ടു കൊടുത്ത് അഭിനന്ദിക്കുന്നതിന്റെ ഫോട്ടോ.

അടുത്തിടെയായിരുന്നു കൃഷ്‍ണകുമാര്‍ ബിജെപിയോടുള്ള തന്റെ അടുപ്പം തുറന്നുപറഞ്ഞത്. ആര്‍എസ്‍എസ് ശാഖയില്‍ പോയിട്ടുണ്ടെന്നും മക്കളുടെ ഭാവിയെ കരുതിയാണ് ബിജെപി അനുഭാവം തുറന്നുപറയാതിരുന്നത് എന്നുമായിരുന്നു കൃഷ്‍ണകുമാര്‍ വ്യക്തമാക്കിയത്. മോദിയുടെ ഭരണ വൈഭവത്തെയും പ്രശംസിച്ച് കൃഷ്‍ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.

സമകാലീന സംഭവങ്ങളെ കുറിച്ച് പ്രതികരിച്ചും കൃഷ്‍ണകുമാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്ന കുറിപ്പുകള്‍ ചര്‍ച്ചയാകാറുണ്ട്.