സമീപകാലത്ത് പൃഥ്വിരാജിന്റെ മേയ്‍ക്കോവര്‍ കണ്ട് ആരാധകര്‍ എല്ലാം അമ്പരന്നിരുന്നു. കഥാപാത്രത്തിനായി അത്രയ്‍ക്കും രൂപമാറ്റമായിരുന്നു പൃഥ്വിരാജ് വരുത്തിയത്. ബ്ലസിയായിരുന്നു ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന സിനിമയിലെ ആ ഭാഗം കഴിഞ്ഞപ്പോള്‍ പഴയ രൂപത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ ഫോട്ടോ പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുമുണ്ട്.

ജോര്‍ദാനിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം നടന്നിരുന്നത്.  കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. എന്നാല്‍  ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഉള്‍പ്പടെ ഇടപെട്ട് പൃഥ്വിരാജിനും സംഘത്തിനും സഹായം എത്തിച്ചിരുന്നു. ഒടുവില്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജും സംഘവും കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്‍തു. പൃഥ്വിരാജ് കൊച്ചിയില്‍ ഒരു ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ പെയ്‍ഡ് ക്വാറന്റൈൻ സൌകര്യത്തിലാണ് കഴിയുന്നത്. ഒരു മിനി ജിം കൂടി പൃഥ്വിരാജിന് തയ്യാറാക്കിയിരുന്നു. അവിടെനിന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ താരം ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആടുജീവിതത്തിന് വേണ്ടിയുള്ള മേയ്‍ക്കോവറിലെ രംഗം പൂര്‍ത്തിയാക്കിയിട്ട് ഒരു മാസം. ആ രംഗത്തിന്റെ അവസാന ദിവസം താൻ വല്ലാതെ ക്ഷീണിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.  പിന്നീടുള്ള ഭക്ഷണക്രമവും പരിശീലനവും കൊണ്ടാണ് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിയത്. ഒരുമാസം മുമ്പ് എന്നെ കണ്ടിട്ടുള്ള ക്രൂ അംഗങ്ങള്‍ ഇപ്പോഴത്തെ രൂപം കാണുമ്പോള്‍ അമ്പരന്നിട്ടുണ്ടാകും. അത്രയ്‍ക്കും അവസ്ഥയിലായിരുന്നു ഞാൻ. എന്റെ ട്രെയിനറായ അജിത് ബാബുവിന് നന്ദി. ഓര്‍മ്മിക്കുക മനുഷ്യ ശരീരത്തിന് പരിധികളുണ്ട്, പക്ഷേ മനുഷ്യന്റെ മനസ്സിന് പരിധിയില്ല എന്നും പൃഥ്വിരാജ് എഴുതിയിരിക്കുന്നു.