മലയാളികള്‍ ഒരുകാലത്ത് ആഘോഷമാക്കിയിരുന്ന നടനായിരുന്നു റഹ്‍മാൻ. സഹനടനായും നായകനായുമൊക്കെ തിളങ്ങിനിന്ന നടൻ. റഹ്‍മാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റഹ്‍മാന്റെ പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. റഹ്‍മാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇപ്പോഴും റഹ്‍മാൻ സുന്ദരനാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

എട്ട് മാസത്തെ വീട്ടിലിരിപ്പിന് ശേഷം വീണ്ടും ജോലിയിലേക്ക് തിരിച്ച്. ജോലിക്ക് പോകുന്നതിന് മുമ്പുള്ള എന്റെ ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്യുന്നതുപോലെ തോന്നുന്നു. മുടിയും താടിയുമൊക്കെ പോയി. പുതിയ പ്രൊജക്റ്റുകള്‍ക്കായുള്ള സമയം എന്നുമാണ് റഹ്‍മാൻ എഴുതിയിരിക്കുന്നത്. ചിരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയാണ് റഹ്‍മാൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

പത്മരാജന്റെ കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു റഹ്‍മാൻ ആദ്യമായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയത്.

ഒരുകാലത്ത് മലയാളത്തില്‍ നായകനായും മികച്ച കഥാപാത്രങ്ങളായും നിറഞ്ഞുനിന്ന റഹ്‍മാൻ തമിഴകത്തും തെലുങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്.