സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രുവിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ബൊമ്മിയെന്നാണ് അപര്‍ണ കഴിഞ്ഞദിവസം പറഞ്ഞത്. ഇപ്പോഴിതാ അപർണയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുൺ ​ഗോപിയുടെ പ്രശംസ. ”വീട്ടിലിരുന്ന് ആണ് കണ്ടെതെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല… മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം” എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്. 

വീട്ടിലിരുന്നു ആണ് കണ്ടെന്തെങ്കിലും അപർണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാൻ കഴിഞ്ഞില്ല...!! മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം 🥰 Aparna Balamurali 🥰

Posted by Arun Gopy on Thursday, 12 November 2020

എഴുത്തുകാരനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സൂരര്രൈ പൊട്രു ഒരുക്കിയത്. അപര്‍ണ ബാലമുരളിയുടെ അഭിനയം മികച്ചതായിരുന്നുവെന്ന് സിനിമ കണ്ട ജി ആര്‍ ഗോപിനാഥും പറഞ്ഞിരുന്നു. നടി ജ്യോതി കൃഷ്ണയും അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരുന്നു.