ആശാ ഭോസ്‍ലെയുടെ മലയാള ഗാനം.
ഇന്ത്യയുടെ ഇതിഹാസ ഗായിക ആശാ ഭോസ്‍ലെ വിടവാങ്ങിയിരിക്കുന്നു. 92 വയസ്സായിരുന്നു. ഒമ്പത് ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ ഗായികയാണ് ഇന്ന് ഓര്‍മയായിരിക്കുന്നത്. ഇനി സംഗീതാസ്വാദകരുടെ കേള്‍വിയിലെ ആ പാട്ടോര്‍മ്മകളിലൂടെ ആശാ ഭോസ്‍ലെ ജീവിക്കും.
മലയാളത്തിലും ഒരു ഗാനം ആശാ ഭോസ്‍ലെ പാടിയിട്ടുണ്ട്. സുജാത എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് ആശാ ഭോസ്‍ലെ മലയാളത്തില്‍ പാടിയത്. സ്വയംവര ശുഭദിന മംഗളങ്ങള്‍ എന്ന ആ ഗാനം മലയാളികളുള്ളിടത്തോളം കാലം ഓര്‍ക്കുന്നതുമാണ്. രവിന്ദ്ര ജെയ്‍നിന്റെ സംഗീതത്തില്‍ ആശാ ഭോസ്‍ലെ പാടിയത് മാങ്കൊമ്പ് ഗോപാലകൃഷ്‍ണന്റെ വരികളാണ്. 1977ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് സുജാത.
എന്നാല്‍ തമിഴിലാകട്ടെ ഇരുപതോളം ഗാനങ്ങള്‍ ആശോ ഭോസ്‍ലെ പാടിയിട്ടുണ്ട്. അതില്‍ അധികവും ഇളയരാജയുടെ സംഗീതത്തില്‍ ആണെന്ന പ്രത്യേകതയുമുണ്ട്. ആര്‍ ഡി ബര്‍മ്മൻ, എ ആര്‍ റഹ്‍മാൻ, എസ് എ രാജ്‍കുമാര്‍, ദേവ, വിദ്യാ സാഗര്‍ എന്നിവരുടെ ഈണത്തിലും ആശാ ഭോസ്‍ലെ തമിഴില്‍ പാടിയിട്ടുണ്ട്.
എട്ട് പതിറ്റാണ്ടില്‍ ഒമ്പത് ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട് ആശ ഭോസ്‍ല. ഏറ്റവും അധികം ഗാനങ്ങൾ റെക്കോഡ് ചെയ്യപ്പെട്ട ഗായിക, രണ്ട് ദേശീയ പുരസ്‍കാരങ്ങള്‍, പദ്‍മവിഭൂഷൺ, ഫാൽക്കെ അവാർഡ്, ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരി എന്നിങ്ങനെ പുരസ്‍കാരങ്ങളുടെ തലപ്പൊക്കത്തില്‍ വിരാജിച്ചിരുന്ന ഗായികയുമാണ് ആശാ ഭോസ്‍ലെ.പുതിയ കാലത്തോടും പുതിയ തലമുറയോടും അതിവേഗം ഇണങ്ങാൻ കഴിഞ്ഞ ലത എ ആര്‍ റഹ്മാൻ അടങ്ങുന്ന സംഗീതജ്ഞർക്കും പ്രിയങ്കരിയായി. സ്‍കൂളിൽ പോകാത്ത, ഇംഗ്ലീഷ് പഠിക്കാത്ത ആശ വിദേശകലാകാരൻമാരുമായി ചേർന്നൊരുക്കിയ ഫ്യൂഷൻ ആൽബങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിട്ടുണ്ട്.
