ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടക്കം'. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വച്ചാണ് നടന്നത്. മോഹൻലാൽ കുടുംബസമേതം എത്തിയ ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനിൽ ഒരു ചെറിയ വേഷത്തിൽ ആശിഷ് ആന്റണി എത്തിയിരുന്നു.

'ജീവിതത്തിലെ മഹത്തരമായ കാര്യം'

ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ആശിഷ് ആന്റണി. വിസ്മയയുടെ ആദ്യ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് ജീവിതത്തിലെ മഹത്തരമായ കാര്യമാണ് എന്നാണ് ആശിഷ് പറയുന്നത്. "ലാൽ അങ്കിളിന്റെ കുടുംബവും എന്റെ കുടുംബവും ആദ്യം മുതൽ തന്നെ ഒരു കുടുംബമാണ്. അതൊരു വലിയ അനു​ഗ്രഹമായാണ് ഞാൻ കാണുന്നത്. ഇതിനോടൊപ്പം മായചേച്ചിയുടെ തുടക്കത്തിന്റെ ഭാ​ഗമാകാൻ കഴിയുക എന്നത് എന്റെ ജീവിതത്തിൽ സംഭവിക്കാനുള്ളതിൽ വച്ച് ഏറ്റവും മഹത്തരമായ കാര്യമാണ്. ഇവിടെ ഇങ്ങനെ നിൽക്കാൻ കഴിഞ്ഞതിൽ‌ ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. ഈ അവസരം തന്ന ജൂഡേട്ടനോടും നന്ദി പറയുന്നു. ഒരുപാട് നന്ദി ചേട്ടാ. എല്ലാവരുടെയും ആശംസകളും പ്രാർഥനയും ഒപ്പമുണ്ടാകണം. ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറയുന്നു." ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയായിരുന്നു ആശിഷിന്റെ പ്രതികരണം.

ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ . കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ,

പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. വാഴൂർ ജോസ്.