അഷ്‍കര്‍ സൗദാൻ നായകനായി വന്ന ചിത്രത്തിന്റെ റിവ്യു.
പുതിയ കാലത്തിന്റെ വാക്കാണ് ബെസ്റ്റി. ബെസ്റ്റി എന്ന പേരില്‍ ഒരു സിനിമ ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ ഉണ്ടാകുന്നതും സ്വാഭാവികം. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നത് തന്നെയാണ് സിനിമയുടെ കാഴ്‍ചയും. പുതു തലമുറയുടെ ആവേശത്തിനൊപ്പം തന്നെ കഥയിലും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നതാണ് ബെസ്റ്റി.
ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‍നര്‍ ചിത്രമാണ് ബെസ്റ്റി. ഫൈസിയും ഷാഹിനയും വിവാഹിതരാകുന്നതാണ്. തുടര്‍ന്ന് ഇവര്‍ യാത്ര പോകുമ്പോഴുണ്ടാകുന്ന ദുരനഭവമാണ് മറ്റൊരു ഗതിയിലേക്ക് ബെസ്റ്റിയെ മാറ്റുന്നത്. തുടര്‍ന്ന് ഫൈസിയുടെയും ഷാഹിനയുടെയും ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടാകുന്നു. തുടക്കത്തിലേ ഉണ്ടായ അനിഷ്‍ട സംഭവങ്ങള്‍ വിവാഹ മോചനത്തിലേക്കെത്തിക്കുന്നു. ഫൈസി ഷാഹിനയെ മൊഴി ചൊല്ലുന്നു. പീന്നിടുണ്ടാകുന്ന ട്വിസ്റ്റ് മറ്റൊരു ഘട്ടത്തിലേക്ക് ചിത്രത്തെ എത്തിക്കുന്നു.

അതിനിടെ ഷാഹിനയും ഫൈസിയും വീണ്ടും വിവാഹിതരാകാൻ തീരുമാനിക്കുന്നു. എന്നാല്‍ മതപരമായ ആചാരങ്ങള്‍ കണക്കിലെടുക്കേണ്ടത് വിവാഹത്തിന് പ്രതികൂലമാകുന്നു. മറ്റൊരാളെ ഷാഹിന വിവാഹം ചെയ്യണം. അതിനുശേഷമേ ഫൈസിയെ വിവാഹം കഴിക്കാൻ ഷാഹിനയ്‍ക്ക് സാധിക്കൂ. അതിനായി വരനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടാകുന്നു. ആരാണ് ആ പുതിയ വരൻ?. ആ അന്വേഷണത്തില്‍ കണ്ടെത്തുന്ന മറ്റ് സംഭവങ്ങളും ബെസ്റ്റിയെ ചടുലമാക്കുന്നു.

നിരവധി ചിരി രംഗങ്ങളാല്‍ സമ്പന്നമായ ചിത്രമാണ് ബെസ്റ്റി. താല്‍ക്കാലിക വരനെ കണ്ടെത്തുന്നതും തുടര്‍ന്ന് കഥയിലുണ്ടാകുന്ന പൊല്ലാപ്പുകളും ചിരിവിരുന്നാകുന്നു. അതിനിടെയുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ ചിത്രത്തിന്റെ കഥാഗതിയില്‍ ട്വിസ്റ്റാകുന്നു. ത്രില്ലര്‍ ഴോണറിലേക്ക് മാറുന്നതും അങ്ങനെയാണ്.
ഷാനു സമദാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ലാളിത്യമാര്‍ന്ന ആഖ്യാനമാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. രസകരമായ ഒട്ടനവധി രംഗങ്ങള്‍ ചേര്‍ക്കാൻ തിരക്കഥാകൃത്ത് കൂടിയായ ഷാനു സമദിന് സാധിച്ചിട്ടുണ്ട്. വിശ്വസനീയമായ രീതിയില്‍ കഥ പറയാനും സംവിധായകനു സാധിച്ചിരിക്കുന്നു എന്നിടത്താണ് ബെസ്റ്റി വിജയിച്ച സിനിമാ കാഴ്‍ചയാകുന്നത്.

റെമിസായി വേഷമിട്ടിരിക്കുന്നത് അഷ്‍കര്‍ സൗദനാണ്. കോമഡിയിലും ആക്ഷൻ രംഗങ്ങളിലും താരം ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നു. ഷാഹിനയായിരിക്കുന്ന സാക്ഷി അഗര്‍വാളും ബെസ്റ്റി സിനിമയില്‍ മികച്ചുനില്‍ക്കുന്നു. ഷഹീന സിദ്ദിഖാണ് ഫൈസിയായി ചിത്രത്തിലുള്ളത്. സുധീര്‍ കരമനയുടെ ടൈമിംഗോടെയുള്ള കൗണ്ടറുകളും സിനിമയുടെ ആകര്‍ഷണമാണ്. ചെറിയ വേഷങ്ങളില്‍ എത്തിയവരും സ്വന്തം കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. സുരേഷ് കൃഷ്‍ണ, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, ദീപ, സന്ധ്യ മനോജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജിജു സണ്ണിയുടെ ക്യാമറാക്കാഴ്ചയും പ്രമേയത്തിനൊത്തുള്ളതാണ്. നിരവധി പഴയ മാപ്പിള പാട്ടുകള്‍ ചിത്രത്തിനായി റീക്രിയേറ്റ് ചെയ്‍ത് അവതരിപ്പിച്ചിരിക്കുന്നതും ആകര്‍ഷമാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ ആണ്.
Read More: എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?, കണക്കുകള്‍ പുറത്ത്
