ടൊവീനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസിൽ അംഗീകാരത്തിന് അർഹനായിരിക്കുന്നത്.
തിരുവനന്തപുരം: അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബേസിൽ ജോസഫ്. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസിൽ. ടൊവീനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസിൽ അംഗീകാരത്തിന് അർഹനായിരിക്കുന്നത്. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
''2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.'' ബേസിൽ ട്വിറ്ററിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് അംഗീകാര വാർത്ത പങ്കുവെച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രവും ഒപ്പമുണ്ട്.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണമുണ്ട് മിന്നൽ മുരളിക്ക്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് ഇന്ത്യയൊട്ടാകെ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങൾ ചിത്രത്തെ തേടിയെത്തി. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിലും ചിത്രം തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. സൈമ അവാർഡിലും ചിത്രം തിളങ്ങി.
ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡും ബേസിൽ സ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ വിശാല ലോകത്ത് അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്കാരം. ഡിസംബർ 27നു NATCON ഉദ്ഘാടന വേദിയിൽ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാർഡ് സമ്മാനിക്കും.
16 രാജ്യങ്ങളെ മറികടന്ന് മലയാളത്തിന്റെ സൂപ്പർ ഹീറോ; പുതിയ നേട്ടവുമായി 'മിന്നൽ മുരളി'
ബേസിൽ ജോസഫിന് 'ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ൺ' പുരസ്കാരം
