2025 ജനുവരിയിലെ ഏക വിജയചിത്രം 'രേഖാചിത്രം', അടിതെറ്റിയത് ആർക്കൊക്കെ?

പാർവതി തിരുവോത്ത് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ചയ്ക്കെടുക്കുന്നത്. തൻ്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചാണ് പാർവതി സംസാരിക്കുന്നത്. സിനിമാരംഗത്ത് സംവിധായകരുമായോ നടൻമാരുമായോ അടുപ്പമുണ്ടായിട്ടില്ല, പക്ഷേ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ ഉണ്ടെങ്കിലും അവയോട് താല്പര്യമില്ല. മറിച്ച് ഒരാളെ നേരിൽ കണ്ടു മനസ്സിലാക്കി പ്രണയിക്കുന്നതിലാണ് താല്പര്യമെന്നുമാണ് പാർവതി പറയുന്നത്. പാർവതിയുടെ വ്യക്തി ജീവിതത്തെ സംബന്ധിച്ച കാര്യമാണെങ്കിലും അവരെ പിന്തുണച്ചും എതിർത്തുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പോകുന്നത്.

സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം കഴിഞ്ഞ കാലങ്ങളിലെല്ലാം നിർമ്മാതാക്കൾ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും വിഷയത്തിൽ വലിയ ചർച്ചയോ, അതിന്മേൽ പുരോഗതിയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജൂൺ ഒന്ന് മുതൽ സിനിമ സമരമാണെന്നറിയിച്ച് സംഘടനകൾ മുന്നോട്ട് വരുന്നത്. ജനുവരിയിൽ ഇറങ്ങിയ 24 പടങ്ങളുടെ ബജറ്റും തിയേറ്റർ ഷെയറും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്, ഇത് പ്രകാരം രേഖചിത്രം മാത്രമാണ് 2025 ജനുവരിയിലെ മലയാളത്തിലെ ഏക വിജയചിത്രം. മമ്മൂട്ടിയുടെ 'ഡൊമനിക്' ഉൾപ്പെടെ ലാഭമുണ്ടാക്കാതെ പോയതാണ് നിലവിലെ സാഹചര്യം. പ്രൊഡക്ഷൻ കോസ്റ്റ് വർധിച്ചുവെന്നും ആർട്ടിസ്റ്റുകളുടെ ഉയർന്ന പ്രതിഫലം പ്രശ്നമാണെന്നും സർക്കാരിൽ നിന്ന് ഒരു രീതിയിലുള്ള സഹകരണവും ഇല്ലെന്നുമാണ് വാർത്താ സമ്മേളനത്തിൽ നിർമ്മാതാവ് സുരേഷ് കുമാർ പറഞ്ഞത്. 

YouTube video player

മമ്മൂട്ടി മോഹൻലാൽ ചിതൃങ്ങൾ ചർച്ചയ്ക്ക് വന്നയാഴ്ചയാണ് കടന്നുപോയത്. 'ബിഗ് എംസി'ൻ്റെ പുതിയ സിനിമകളുടെ പ്രഖ്യാപനവും അപ്ഡേറ്റുകളും വന്നു. പത്ത് വർഷങ്ങൾക്ക് ശേഷമെത്തുന്ന സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിലെ ലുക്ക് എന്ന തരത്തിൽ താടി ട്രിം ചെയ്ത മോഹൻലാൽ ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മന്ത്രി വി ശിവൻകുട്ടിയുടെ മകന്റെ വിവാഹസൽക്കാരത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ളതായിരുന്നു ചിത്രം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമാകും ഹൃദയപൂർവ്വമെന്ന് സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം വരുന്ന ആഴ്ചയിൽ ആരംഭിക്കുമെന്ന് അഖിൽ സത്യൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം പൂർത്തിയായതും പാക്ക് അപ്പ് വീഡിയോയും ചർച്ചയായി. 'വൃഷഭ' ഉപേക്ഷിച്ചെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് കൂടിയാണ് ഇതോടെ അവസാനമായത്.

മമ്മൂട്ടിക്കൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത് 'ഫാലിമി' സിനിമയുടെ സംവിധായകൻ നിതീഷ് സഹദേവ് ആണ്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിതീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും നാഗർകോവിൽ പശ്ചാത്തലമായുള്ള ഒരു ഗുണ്ടയും അതേ ചുറ്റിപ്പറ്റിയുള്ള കഥയുമാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഓരോ പ്രദേശത്തെയും ഭാഷയും സ്ലാങ്ങും കറക്ട് മീറ്ററിൽ പിടിക്കുന്ന മമ്മൂക്കയുടെ അടുത്ത ഹിറ്റ് ലോഡിങ് ആണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.