വീട്ടില്‍നിന്നും ഇറക്കിവിട്ട 'വേദിക'യെ കൂട്ടിക്കൊണ്ട് വരാനാകില്ല എന്ന് അറിഞ്ഞ 'സിദ്ധാര്‍ത്ഥ്', വേറൊരാളെ മതിയോ ജാമ്യത്തിനായി എന്ന് ചോദിക്കുന്നു.

'വേദിക'യെ വീട്ടില്‍നിന്നും ഇറക്കിവിട്ട് സമാധാനം നഷ്‍ടപ്പെട്ട് ഇരിക്കുകയാണ് 'സിദ്ധാര്‍ത്ഥ്'. എന്നാല്‍ രോഗബാധിതയാണെങ്കിലും, 'സുമിത്രാസി'ലെ ജോലിക്കൊപ്പം തന്നെ 'ശ്രീനിലയ'ത്തിലെ താമസവുമെല്ലാമായി ആകെ ഹാപ്പിയാണ് 'വേദിക'. 'വേദിക' ഹാപ്പിയായി ഇരിക്കുന്നതുതന്നെയാണ് സിദ്ധാര്‍ത്ഥിന്റെ ഏറ്റവും സങ്കടവും. മുന്‍ഭാര്യയായ 'സുമിത്ര'യേയും അവരുടെ ഭര്‍ത്താവ് രോഹിത്തിനേയും കാറിടിച്ച് കൊല്ലാന്‍ നോക്കിയ കേസില്‍ ജാമ്യത്തിലാണ് നിലവില്‍ 'സിദ്ധാര്‍ത്ഥു'ള്ളത്. ജാമ്യത്തിലെടുത്തതാകട്ടെ 'വേദിക'യും. 'സിദ്ധാര്‍ത്ഥി'ന്റെ ജാമ്യകാലം കഴിയാനായതോടെ പെട്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് 'സിദ്ധാര്‍ത്ഥ്' വക്കീലിനെ കാണാനായി പോകുന്നുണ്ട്. വക്കീല്‍ പറയുന്നത് ജാമ്യം പുതുക്കണമെന്നാണ്. ജാമ്യക്കാരിയായ 'വേദിക'യേയും കൂട്ടി വക്കീലോഫീസിലേക്ക് വരണം വക്കീല്‍ ആവശ്യപ്പെട്ടപ്പോള്‍ 'സിദ്ധാര്‍ത്ഥ്' ആകെ പെട്ടു.

വീട്ടില്‍നിന്നും ഇറക്കിവിട്ട 'വേദിക'യെ കൂട്ടിക്കൊണ്ട് വരാനാകില്ല എന്ന് അറിഞ്ഞ 'സിദ്ധാര്‍ത്ഥ്', വേറൊരാളെ മതിയോ ജാമ്യത്തിനായി എന്നാണ് ചോദിക്കുന്നത്. ഭൂനികുതി അടയ്ക്കുന്ന ആരെയെങ്കിലും കൂട്ടിക്കൊണ്ട് വരാനാണ് വക്കീല്‍ 'സിദ്ധാര്‍ഥി'നോട് ആവശ്യപ്പെട്ടത്. അതിനായി 'സിദ്ധാര്‍ത്ഥ്' 'ആര്‍കെയെന്ന സുഹൃത്തിനെ കാണുന്നുണ്ട് എങ്കിലും, അയാളുടെ വീടും സ്ഥലവും അയാളുടെ ഭാര്യയുടെ പേരിലാണ്. വധശ്രമക്കേസില്‍ ജാമ്യം നില്‍ക്കാന്‍ എങ്ങനെ താൻ ഭാര്യയോട് ആവശ്യപ്പെടുമെന്നാണ് അയാള്‍ 'സിദ്ധാര്‍ത്ഥി'നോട് ചോദിക്കുന്നത്. അങ്ങനെ ജാമ്യത്തിന് ആരേയും കിട്ടാത്ത അവസ്ഥയിലാണ് 'സിദ്ധാര്‍ത്ഥ്'. ഓഫീസില്‍നിന്നും 'സുമിത്ര'യും 'വേദിക'യും ഒരുമിച്ച് വരുന്നത് കാണുന്ന 'സരസ്വതിയമ്മ'യ്ക്ക് അത് അത്രയങ്ങ് പിടിക്കുന്നില്ല. 'സുമിത്ര'യോട് കയര്‍ക്കുന്ന 'സരസ്വതി'യോട് 'സുമിത്ര'യും തിരിച്ച് സംസാരിക്കുന്നു. 'വേദിക' നിങ്ങളുടെ മരുമകളാണ്. അതുകൊണ്ട് തന്നെ നിങ്ങളെ അവള്‍ ഒരുപക്ഷേ കേട്ടിരിക്കും, എന്റെ കാര്യം അങ്ങനെയല്ല. ഞാന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ ഭാര്യ എന്നതിലുപരിയായി യാതൊരു ബന്ധവും നമ്മള്‍ തമ്മില്‍ ഇല്ലായെന്നും 'സുമിത്ര' വെട്ടിത്തുറന്ന് തന്നെ വ്യക്തമാക്കുന്നു.

രാത്രിയായപ്പോള്‍, മറ്റൊരു ജാമ്യക്കാരേയും കിട്ടാതെ ഒടുവില്‍ 'സിദ്ധാര്‍ത്ഥ് ' ഭാര്യ 'വേദിക'യെ സഹായത്തിനായി വിളിക്കുന്നുണ്ട്. ആ സമയം കോളെടുക്കുന്നത് 'സുമിത്ര'യാണ്. കിട്ടിയ അവസരം മുതലാക്കി 'സിദ്ധാര്‍ത്ഥ്' തന്റെ ഭാര്യ 'വേദിക'യെപ്പറ്റി ഇല്ലാത്തതെല്ലാം 'സുമിത്ര'യോട് പറയാനാണ് അപ്പോള്‍ ഒരുങ്ങുന്നത്. 'വേദിക'യെ 'സുമിത്രാ'സില്‍ നിന്നും ഇറക്കിവിടണമെന്ന് പറയുന്ന 'സിദ്ധാര്‍ത്ഥ്' അവള്‍ ചതിക്കും എന്നും വ്യക്തമാക്കുന്നു.

ഇനി ഇങ്ങോട്ട് വിളിക്കേണ്ട എന്ന് പറഞ്ഞാണ് 'സുമിത്ര' കോള്‍ കട്ട് ചെയ്യുന്നത്. എന്നാല്‍ 'വേദിക'യെ ജാമ്യത്തിനായി ഉപയോഗിക്കാൻ തന്നെയാണ് 'സിദ്ധാര്‍ത്ഥി'ന്റെ നീക്കം. അല്ലായെങ്കില്‍ 'സിദ്ധാര്‍ത്ഥ്' എന്തായാലും അടുത്ത ദിവസങ്ങളില്‍ ജയിലിലേക്ക് വീണ്ടും പോകണം എന്ന അവസ്ഥയിലാണ്. ചെന്നൈയില്‍ പോയ 'പ്രതീഷ്' വഴി തെറ്റുന്നോ എന്ന സംശയവും പല പ്രേക്ഷകരും പങ്കുവയ്ക്കുന്നുണ്ട്.

Read More: കുഞ്ഞിനെന്ത് പേരിടും, 'സാന്ത്വനം' ആഘോഷത്തില്‍ , സീരിയല്‍ റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക