Asianet News MalayalamAsianet News Malayalam

ആസിഫ് അലിയുടെ 'എല്ലാം ശരിയാകും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഈ മാസം നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ അത് നടക്കാതെപോയി.

asif ali starring ellaam sheriyakum release date
Author
Thiruvananthapuram, First Published Jun 25, 2021, 9:45 PM IST

കൊവിഡ് രണ്ടാം തരംഗത്തിന് ചെറിയ തോതില്‍ ശമനമാകുന്നതോടെ കൂടുതല്‍ സിനിമകള്‍ റിലീസിംഗ് പ്രഖ്യാപിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ മരക്കാര്‍, ആറാട്ട്, ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോ എന്നിവ പുതുക്കിയ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആസിഫ് അലി തന്നെ നായകനാവുന്ന മറ്റൊരു ചിത്രവും പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്‍ത 'എല്ലാം ശരിയാകും' എന്ന ചിത്രമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ തീരുമാനം. ഈ മാസം നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ അത് നടക്കാതെപോയി. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജിഷ വിജയന്‍ ആണ് നായിക. നേരത്തെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രത്തില്‍ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഷാരിസാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അതേസമയം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ആദ്യമെത്തുക മരക്കാര്‍ ആണ്. ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഓഗസ്റ്റ് 27ന് കുഞ്ഞെല്‍ദോ, ഒക്ടോബര്‍ 14ന് ആറാട്ട് എന്നിവയും എത്തും. അതേസമയം ഒടിടി റിലീസിലേക്കും പല ചിത്രങ്ങളും കരാര്‍ ആയിട്ടുണ്ട്. അന്ന ബെന്‍, സണ്ണി വെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‍ത 'സാറാസ്' ആമസോണ്‍ പ്രൈം വീഡിയോ വഴി ഡയറക്റ്റ് ഒടിടി റിലീസ് ആയി ജൂലൈ അഞ്ചിന് എത്തും. 

Follow Us:
Download App:
  • android
  • ios